ഇന്ധന വിലയില്‍ വന്‍ വര്‍ധന; യു എസ് പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഇന്ധന വിലയില്‍ വന്‍ വര്‍ധന; യു എസ് പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍


വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധവും തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടലും മൂലമുണ്ടായ ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് യു എസിലെ പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

യു എസ് തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച് മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ ഉപഭോക്തൃ വില 3.3 ശതമാനമാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ ഇത് 2.4 ശതമാനമായിരുന്നു. 2024 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിത്.

ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിലയില്‍ 0.9 ശതമാനമാണ് വര്‍ധനവുണ്ടായത്.  ഉയര്‍ന്ന പെട്രോള്‍ വിലയാണ് ഇതിന് പ്രധാന കാരണമായത്. 

2022ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ മാറ്റമാണിത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണ്ണമായും അടച്ചുപൂട്ടിയതോടെ എണ്ണ വില കുതിച്ചുയര്‍ന്നു.

ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ ഗ്യാസ് വില 21.2 ശതമാനം വര്‍ധിച്ചു. 1967ല്‍ സര്‍ക്കാര്‍ കണക്കുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വര്‍ധനവാണിത്.

കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ ഇതിന്റെ ആഘാതം പ്രത്യേകം ദൃശ്യമാണ്. അവിടെ ഗ്യാസ് വില ഇതിനകം യു എസിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു.

കാലിഫോര്‍ണിയയില്‍ വ്യാഴാഴ്ച ഒരു ഗാലണ്‍ ഗ്യാസിന്റെ ശരാശരി വില 5.93 ഡോളറായിരുന്നു.  ദേശീയ ശരാശരി 4.16 ഡോളറായിരിക്കെയാണ് ഈ വര്‍ധനവ്. 

പണപ്പെരുപ്പത്തിന്റെ മുക്കാല്‍ ഭാഗവും ഗ്യാസ് വിലയിലെ വര്‍ധനവിനെ തുടര്‍ന്നാണുണ്ടായത്. കൂടാതെ, ഉയര്‍ന്ന ഊര്‍ജ്ജ വിലയും താരിഫുകളുടെ സ്വാധീനവും കാരണം വിമാന ടിക്കറ്റുകളുടെയും വസ്ത്രങ്ങളുടെയും വിലകള്‍ ഈ മാസത്തില്‍ വര്‍ധിച്ചു. 

ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ മാറ്റമൊന്നുമില്ലെങ്കിലും ഗതാഗത, വളം ചെലവുകളിലെ വര്‍ധനവ് ആഘാതം സൃഷ്ടിക്കാന്‍ തുടങ്ങിയാല്‍ അവ വീണ്ടും ഉയര്‍ന്നേക്കാം.

എണ്ണയ്ക്ക് പുറമേ, വളം, അലുമിനിയം, ഹീലിയം തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് നിര്‍ണായക പാതയാണ്.

നിര്‍ണായക ജലപാത വീണ്ടും തുറക്കുമെന്ന പ്രതീക്ഷ യു എസ്- ഇറാന്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഊര്‍ജ്ജ വിതരണം സാധാരണ നിലയിലാകാന്‍ സമയമെടുത്തേക്കാം. എണ്ണ വില ഉയര്‍ന്ന നിലയില്‍ നിന്ന് കുറഞ്ഞുവെങ്കിലും യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ അവസ്ഥ. ട്രംപിന്റെ താരിഫുകളും പണപ്പെരുപ്പമുണ്ടാക്കിയിട്ടുണ്ട്.