പാലക്കാട്: വോട്ട് ചെയ്യാന്‍ പണം വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. ആര്‍ ഡി ഒ ഓഫിസിലെത്തിയാണ് ശോഭാ സുരേന്ദ്രന്‍ മൊഴി നല്‍കിയത്. കണ്ണാടി പഞ്ചായത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസാണ് പുറത്തു വിട്ടത്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലായിരുന്നു സംഭവം. പ്രായമായ സ്ത്രീയ്ക്ക് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഈ ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുകയും അടിച്ചു കരണക്കുറ്റി പൊട്ടിക്കുമെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അയ്യായിരം രൂപയാണ് നല്‍കിയതെന്നാണ് ആരോപണം.
