ഇപ്പോൾ യൂറോപ്പിലുള്ളത് ഒരു ലക്ഷത്തോളം യുഎസ് സൈനികർ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേറ്റോയിൽ നിന്ന് പിന്മാറാനുള്ള സാധ്യത ഉയർത്തിയതോടെ യൂറോപ്പിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നു. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലൈൻ ലെവിറ്റ് നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടേയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയും ഇതിന് പിന്നാലെ ശ്രദ്ധ നേടി.
ഇപ്പോൾ ഏകദേശം ഒരു ലക്ഷം യുഎസ് സൈനികരെയാണ് യൂറോപ്പിലുടനീളം വിന്യസിച്ചിട്ടുള്ളത്. ജർമനി, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിലായി വ്യോമസേനാ താവളങ്ങൾ, നാവിക കേന്ദ്രങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയിലൂടെ യുഎസ് നേറ്റോയുടെ പ്രധാന കരുത്തായി നിലകൊള്ളുന്നു. ഈ സൈനിക സാന്നിധ്യം പ്രത്യേകിച്ച് റഷ്യക്കെതിരെ വലിയ പ്രതിരോധ ശക്തിയാണ്.
യുഎസ് പിന്മാറിയാൽ ഏറ്റവും ആദ്യം ബാധിക്കുക നേറ്റോയുടെ പ്രവർത്തന ശേഷിയെയാകും. വ്യോമ ഗതാഗതം, ഇന്റലിജൻസ് ശേഖരണം, ദൂരപരിധിയിലുള്ള ആക്രമണ ശേഷി എന്നിവയിൽ യൂറോപ്പിന് വലിയ കുറവ് അനുഭവപ്പെടും. സംയുക്ത സൈനിക പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമാകുകയും, കമാൻഡ് ഘടന പുനഃസംഘടിപ്പിക്കേണ്ട സാഹചര്യം വരുകയും ചെയ്യും.
മറ്റൊരു പ്രധാന സ്വാധീനം മാനസികമാണ്. യൂറോപ്പിലെ യുഎസ് സൈന്യം ഒരു 'ട്രിപ് വയർ' അഥവാ തടയൽ തന്ത്രം പോലെ പ്രവർത്തിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഇവരുടെ സാന്നിധ്യം അമേരിക്ക നേരിട്ട് ഇടപെടുമെന്ന ഉറപ്പാണ് നൽകുന്നത്. അത് ഇല്ലാതായാൽ, പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പ് രാജ്യങ്ങൾ സുരക്ഷാ ഭീഷണികളെ കൂടുതൽ ഗുരുതരമായി കാണാൻ സാധ്യതയുണ്ട്.
ലോജിസ്റ്റിക്‌സ് മേഖലയും വലിയ വെല്ലുവിളിയാകും. യൂറോപ്പിന് പുറത്തുള്ള ഇടപെടലുകൾക്കും, അടിയന്തര പ്രതികരണങ്ങൾക്കും യുഎസ് താവളങ്ങൾ നിർണായകമാണ്. അവ ഇല്ലാതായാൽ പ്രവർത്തന വേഗത കുറഞ്ഞേക്കും.
ഈ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധ ചെലവ് വർധിപ്പിക്കേണ്ട സാഹചര്യം നേരിടും. ജർമനി പ്രതിരോധ ബജറ്റ് ഉയർത്തിയിട്ടുണ്ട്. നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കണമെന്ന ചർച്ചകളും അവിടെ പുരോഗമിക്കുന്നു. ഫ്രാൻസ് ഉൾപ്പെടെ ചില രാജ്യങ്ങൾ യൂറോപ്പിന്റെ സ്വതന്ത്ര സുരക്ഷാ ശേഷി വർധിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നു.
ആണവ സുരക്ഷയും വലിയ ചർച്ചയാകും. ഇപ്പോൾ യൂറോപ്പ് യുഎസിന്റെ ആണവ പരിരക്ഷയിലാണ് ആശ്രയിക്കുന്നത്. ഫ്രാൻസും ബ്രിട്ടനും ആണവശക്തികളാണെങ്കിലും, സംയുക്ത പ്രതിരോധ സംവിധാനമില്ല. യുഎസ് പിന്മാറിയാൽ സ്വന്തം ആണവ പ്രതിരോധ സംവിധാനത്തെക്കുറിച്ച് യൂറോപ്പിന് ആലോചിക്കേണ്ടിവരും.
അമേരിക്കയുടെ തന്ത്രപരമായ ശ്രദ്ധ ഇൻഡോ-പസഫിക് മേഖലയിലേക്ക് മാറുന്നതും ഈ നിലപാടിന് പിന്നിലുണ്ട്. യൂറോപ്പ് സ്വയം പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്നും കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുമുള്ള യുഎസിന്റെ വാദം ശക്തമാണ്.
ഇതിനിടെ, ബഹുസ്വര ലോകക്രമം എന്ന ആശയം പിന്തുണക്കുന്ന ഇന്ത്യയ്ക്ക് ഈ മാറ്റങ്ങൾ പുതിയ അവസരങ്ങളും വെല്ലുവിളികളും ഒരുപോലെ സൃഷ്ടിക്കാം. യൂറോപ്പുമായി പ്രതിരോധ സഹകരണം വർധിക്കാനുള്ള സാധ്യതയുണ്ടെങ്കിലും, പാശ്ചാത്യ സുരക്ഷാ ഘടനയിൽ അനിശ്ചിതത്വം ഉയരുന്നതോടെ ആഗോള സ്ഥിരതയ്ക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.
ഏകദേശം ഏഴ് പതിറ്റാണ്ടായി നിലനിന്നിരുന്ന അമേരിക്കൻ സുരക്ഷാ കവചം ഇപ്പോൾ നിബന്ധകൾക്ക് വിധേയമാകുന്ന സാഹചര്യത്തിൽ, നേറ്റോയിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ലോക സുരക്ഷാ വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
