ശരിയായ കരാർ ഒപ്പുവെയ്ക്കും വരെ അമേരിക്കൻ സൈന്യം ഇറാനുസമീപം തുടരുമെന്ന് ട്രംപ്

ശരിയായ കരാർ ഒപ്പുവെയ്ക്കും വരെ അമേരിക്കൻ സൈന്യം ഇറാനുസമീപം തുടരുമെന്ന് ട്രംപ്


വാഷിംഗ്ടൺ: ഇറാനുമായി സുപ്രധാന ചർച്ചകൾനടത്തുന്നതിനിടയിലും, യു.എസ്. സൈന്യം ഇറാൻ സമീപത്ത് തുടരാനാണ് തീരുമാനം എടുത്തിരിക്കുന്നതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വ്യക്തമാക്കി. 'യഥാർത്ഥ കരാർ ഉണ്ടാകുകയും അത് പൂർണ്ണമായി നടപ്പിലാകുകയും ചെയ്യുന്നതുവരെ സൈനികർ അവിടെ തുടരും,' എന്ന് ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിൽ രണ്ട് ആഴ്ചത്തെ വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും, സ്ഥിതിഗതികൾ അതീവ സങ്കീർണമാണ്. ഇതിനിടെ, ഇസ്രയേൽ ലെബനനിൽ ആക്രമണം തുടരുന്നതും, ചില ആവശ്യങ്ങളിൽ അമേരിക്കയും ഇറാനും തമ്മിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നതും ആശങ്ക ഉയർത്തുകയാണ്.

ആവശ്യമായ ആയുധങ്ങളും സൈനിക ശക്തിയും ഇറാൻ പ്രദേശത്ത് നിലനിർത്തുമെന്ന് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് കുറിച്ചു. കരാർ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ ആക്രമണങ്ങൾക്ക് അമേരിക്ക തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ആഗോള എണ്ണ ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്ന നിലയിൽ തുടരാമെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ട്. സംഘർഷത്തിനുമുമ്പ് ലോകത്തിലെ എണ്ണയുടെ ഏകദേശം അഞ്ചിൽ ഒരു ഭാഗം ഈ കടലിടുക്കിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരുന്നത്.

ഇറാൻ, തങ്ങളുടെ യൂറേനിയം സമ്പുഷ്ടീകരണ പരിപാടി അംഗീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ, ഇറാന് ആണവായുധം അനുവദിക്കില്ലെന്ന നിലപാട് ട്രംപ് വീണ്ടും ആവർത്തിച്ചു.

പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി, ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്ന നിലയിൽ തുടരണമെന്നും, ഇറാനുമായി കരാർ സാധ്യമാകുമെന്ന പ്രതീക്ഷയും ട്രംപ് പ്രകടിപ്പിച്ചു.