വാഷിംഗ്ടൺ: ഭാര്യ മെലാനിയ ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട നിഷേധപ്രസ്താവനയെക്കുറിച്ച് തനിക്കു മുൻകൂട്ടി അറിയില്ലായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. 'അവൾ ക്യാമറയ്ക്ക് മുന്നിൽ പോകുന്നതിന് മുൻപ് എനിക്ക് ഒന്നും അറിയില്ലായിരുന്നു,' എന്നാണ് അദ്ദേഹം പറഞ്ഞത്. 'അവൾക്ക് എപ്‌സ്റ്റൈനെ പരിചയമില്ല' എന്നും ട്രംപ് കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിലെ അപൂർവ പൊതുപ്രസംഗത്തിൽ മെലാനിയ, എപ്‌സ്റ്റൈൻ-ഖിസ് ലൈൻ മാക്‌സ് വെൽ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ തള്ളി. 'ഞാൻ എപ്‌സ്റ്റൈന്റെ ഇരയല്ല. എപസ്റ്റൈൻ എന്നെ ട്രംപിന് പരിചയപ്പെടുത്തിയതുമില്ല,' എന്നും അവർ വ്യക്തമാക്കി. 1998ൽ ന്യൂയോർക്കിലെ ഒരു പാർട്ടിയിൽ യാദൃശ്ചികമായി ട്രംപിനെ കണ്ടുമുട്ടിയതാണെന്നും അവൾ പറഞ്ഞു.
ന്യൂയോർക്ക്, പാം ബീച്ച് എന്നിവിടങ്ങളിലെ പൊതുസാമൂഹിക വൃത്തങ്ങളിലൂടെയാണ് എപ്‌സ്റ്റൈൻ, മാക്‌സ് വെൽ എന്നിവരുമായി പരിചയം ഉണ്ടായതെന്നും, വ്യക്തിപരമായ ബന്ധമൊന്നുമില്ലെന്നും മെലാനിയ വ്യക്തമാക്കി. 'ഇവയെല്ലാം തെറ്റായ പ്രചരണങ്ങളാണ്,' എന്ന് പറഞ്ഞ അവൾ, ഇത്തരത്തിലുള്ള ആരോപണങ്ങൾക്കെതിരെ താൻ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
മാക്‌സ് വെലുമായുള്ള ഇ മെയിൽ ഇടപാടിനെക്കുറിച്ചുള്ള വിവാദത്തിലും അവൾ പ്രതികരിച്ചു. 'അത് സാധാരണ സൗഹൃദപരമായ മറുപടി മാത്രമാണ്. അതിൽ പ്രത്യേകതയൊന്നുമില്ല,' എന്നും അവൾ പറഞ്ഞു. 2000ൽ എപ്‌സ്റ്റൈനിനെ ആദ്യമായി കണ്ടപ്പോൾ, അദ്ദേഹത്തിനെതിരായ ആരോപണങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അവൾ കൂട്ടിച്ചേർത്തു.
എപ്‌സ്റ്റൈൻ കേസിലെ ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൽ പ്രത്യേക ഹിയറിംഗ് നടത്തണമെന്നും മെലാനിയ ആവശ്യപ്പെട്ടു.
മെലാനിയയുടെ എപ്‌സ്‌റ്റൈൻ ആരോപണ നിഷേധം; 'എന്റെ അറിവോടെയല്ല' - ട്രംപ്
