പാകിസ്ഥാൻ പ്രതിരോധമന്ത്രിയുടെ പരാമർശം വിവാദത്തിൽ;കടുത്ത വിമർശനവുമായി ഇസ്രയേൽ

പാകിസ്ഥാൻ പ്രതിരോധമന്ത്രിയുടെ പരാമർശം വിവാദത്തിൽ;കടുത്ത വിമർശനവുമായി  ഇസ്രയേൽ


ടെൽ അവിവ്: പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖവാജ ആസിഫ് നടത്തിയ വിവാദപരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇസ്രയേൽ. അമേരിക്ക-ഇറാൻ ചർച്ചകളിൽ ഇസ്‌ലാമാബാദ് മധ്യസ്ഥത വഹിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, ഇസ്രയേൽ 'ദുഷ്ടത നിറഞ്ഞതും കാൻസറസ് സ്റ്റേറ്റുമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ലെബനനിൽ ഇസ്രയേൽ സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്നും, ഗാസയ്ക്കു ശേഷം ഇറാനും ഇപ്പോൾ ലെബനനും ലക്ഷ്യംവയ്ക്കുകയാണെന്നും ഖവാജ അസിഫ് ആരോപിച്ചു. കൂടാതെ, ഇസ്രയേൽ രൂപീകരണത്തെക്കുറിച്ചും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു.

ഇതിന് മറുപടിയായി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. ഇത്തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും, ഇത് ഇസ്രയേലിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സആറും ശക്തമായി പ്രതികരിച്ചു. 'സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യം ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് ഗുരുതരമാണ്,' എന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ലെബനനുമായി സമാധാന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് നെതന്യാഹു അറിയിച്ചു. ഹിസ്ബുള്ളയെ നിരായുധമാക്കുന്നതും സമ്പൂർണ സമാധാന കരാറും ലക്ഷ്യമിട്ടാണ് ചർച്ചകൾ നടത്തുക എന്നാണ് വിവരം.