ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പിണറായി വിജയൻ അധികാരത്തിലെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് നടക്കുന്നതെന്നും മൂന്നു മുന്നണികളും വൻ ചെലവിൽ പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വോട്ടിങ് ശതമാനം ഇത്തവണ ഉയരുമെന്നും വെള്ളാപ്പള്ളി വിലയിരുത്തി. അമ്പലപ്പുഴയിലെ ജി. സുധാകരന്റെ വിജയ സാധ്യതയെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ഇതിനിടെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137ാം നമ്പർ ബൂത്തിൽ തർക്കം ഉണ്ടായി. യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പരാതി ഉയർന്നു. കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് ഏജന്റ് ആരോപിച്ചതിനെ തുടർന്ന് വോട്ട് ചെയ്യാനെത്തിയ വ്യക്തിയും ഏജന്റുമാരും തമ്മിൽ വാക്കുതർക്കം രൂക്ഷമായി.
ഈ സാഹചര്യത്തിലാണ് ബൂത്തിലെത്തിയ സന്ദീപ് വാരിയർ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകരും മറ്റ് ഏജന്റുമാരും പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
പിണറായി വീണ്ടും വരണം'-വെള്ളാപ്പള്ളി
