ഇറാൻ വെടിനിർത്തൽ: പാകിസ്ഥാന്റെ നിർണായക ഇടപെടൽ; വർഷങ്ങളിലെ വലിയ നയതന്ത്ര വിജയം

ഇറാൻ വെടിനിർത്തൽ: പാകിസ്ഥാന്റെ നിർണായക ഇടപെടൽ; വർഷങ്ങളിലെ വലിയ നയതന്ത്ര വിജയം


ഇസ്ലാമാബാദ് : അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം കടുക്കുന്നതിനിടെ, വെടിനിർത്തൽ കരാർ ഉറപ്പാക്കുന്നതിൽ പാകിസ്ഥാൻ നിർണായക പങ്കുവഹിച്ചതായി റിപ്പോർട്ട്. ഈ നീക്കത്തെ 'വർഷങ്ങളിലെ ഏറ്റവും വലിയ നയതന്ത്ര വിജയം' എന്നാണ് വിലയിരുത്തൽ.

ആദ്യഘട്ടത്തിൽ സമാധാന ശ്രമങ്ങൾ പരാജയപ്പെടുമെന്ന ആശങ്കയിലായിരുന്നു പാകിസ്ഥാൻ നേതൃത്വം. ചൊവ്വാഴ്ച വൈകുന്നേരം മന്ത്രിസഭ യോഗത്തിൽ 'യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണം' എന്നായിരുന്നു പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നൽകിയ മുന്നറിയിപ്പ്. സമാധാന സാധ്യതകൾ മങ്ങിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇറാനും ഇസ്രായേലും തമ്മിലുള്ള ആക്രമണങ്ങൾ ശക്തമായി തുടരുകയായിരുന്നു. സൗദി അറേബ്യയിലെ പ്രധാന പെട്രോകെമിക്കൽ കേന്ദ്രത്തിനെതിരായ ആക്രമണവും സ്ഥിതി ഗുരുതരമാക്കി. ഇത് ഗൾഫ് മേഖലയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന ആശങ്ക ഉയർന്നു.

ഇതിനിടെ, പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്റലിജൻസ് മേധാവിയുമായ അസിം മാലിക്കും നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള നേതാക്കളുമായും ഇറാൻ നേതാക്കളുമായും തുടർച്ചയായി ബന്ധപ്പെട്ടു.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവർ ഒരു ഭാഗത്ത് പങ്കെടുത്തപ്പോൾ, ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചിയും പാർലമെന്റ് സ്പീക്കർ  മൊഹമ്മദ് ബാഗർ ഘാലിബാഫും മറുവശത്ത് ചർച്ചകളിൽ പങ്കാളികളായി. സൗദി കിരീടാവകാശി സൽമാൻ ബിൻ മുഹമ്മദുമായി  ഷെഹ്ബാസ് ഷെരീഫ് പ്രത്യേകം സംസാരിക്കുകയും ചെയ്തു.

തുടക്കത്തിൽ വെടിനിർത്തലിൽ ഇറാൻ സംശയാത്മകമായ നിലപാടിലായിരുന്നു. എന്നാൽ നിർണായകമായി ഇടപെട്ടത് ചൈനയായിരുന്നു. പാകിസ്ഥാന്റെ അഭ്യർഥനയെ തുടർന്ന് ചൈന നേരിട്ട് ഇറാനെ വെടിനിർത്തലിനു പ്രേരിപ്പിച്ചതായി അധികൃതർ പറഞ്ഞു. ചർച്ചകളിൽ സുരക്ഷാ ഉറപ്പ് നൽകാമെന്ന ചൈനയുടെ വാഗ്ദാനവും നിർണായകമായി.

ഇതിനിടെ, യുദ്ധം വേഗത്തിൽ അവസാനിക്കണമെന്ന ആവശ്യവുമായി ട്രംപ് ശക്തമായ സമ്മർദം ചെലുത്തിയതും സംഭവവികാസങ്ങളിൽ സ്വാധീനം ചെലുത്തി. 'യുദ്ധം മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കും' എന്നായിരുന്നു ആദ്യം കരുതിയതെന്നും, സ്ഥിതി നിയന്ത്രണാതീതമായതോടെ വെടിനിർത്തലിന് അമേരിക്ക തന്നെ കൂടുതൽ താൽപര്യം കാണിച്ചുവെന്നുമാണ് പാകിസ്ഥാന്റെ വിലയിരുത്തൽ.

ചൊവ്വാഴ്ച രാത്രി വൈകി പ്രതീക്ഷയുടെ കിരണം തെളിഞ്ഞു. പുലർച്ചെ നാലോടെ ഇരുപക്ഷവും താൽക്കാലിക വെടിനിർത്തലിൽ സമ്മതിച്ചതായി സ്ഥിരീകരിച്ചു. ഈ നേട്ടം പാകിസ്ഥാന്റെ നയതന്ത്ര ശേഷിയുടെ തെളിവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

വെടിനിർത്തൽ 'ചരിത്രത്തിലെ തെളിഞ്ഞ നിമിഷം' എന്നാണ് ഷെരീഫ് വിശേഷിപ്പിച്ചത്. തുടർ സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ നടത്താനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു. ഇറാനിൽ നിന്നുള്ള പ്രതിനിധി സംഘവും എത്തുമെന്നാണ് സൂചന.
അതേസമയം, ഇസ്രായേലും യുഎഇയും സമാധാന പ്രക്രിയയെ തകർക്കാൻ ശ്രമിക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെ വ്യാപാരം പൂർണമായി പുനരാരംഭിക്കാത്തതും ആശങ്കയാകുന്നു.
എന്തായാലും, വലിയ പ്രതിസന്ധി ഒഴിവാക്കുന്നതിൽ പാകിസ്ഥാന്റെ ഇടപെടൽ നിർണായകമായതായി വിലയിരുത്തപ്പെടുന്നു.