താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ബാക്കി

താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ബാക്കി


തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖംനേയി അവസാന നിമിഷ ചര്‍ച്ചകള്‍ക്ക് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് യു എസുമായുള്ള സംഘര്‍ഷം ഇറാന്‍ ഒഴിവാക്കിയെങ്കിലും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്. 

ഇറാന്റെ തീരുമാനത്തിന്റെ സമയം നിര്‍ണായകമായിരുന്നു. അമേരിക്ക വലിയ തോതിലുള്ള സൈനിക നീക്കത്തിനും പ്രാദേശിക പങ്കാളികള്‍ പ്രതികാര നടപടികള്‍ക്കും  തയ്യാറെടുക്കുകയും ചെയ്തതോടെ ഖംനേയിയുടെ ഇടപെടല്‍ പ്രതിസന്ധിയുടെ പാത മാറ്റി. ഒടുവില്‍ ഡൊണാള്‍ഡ് ട്രംപുമായുള്ള നയതന്ത്ര ജാലകം തുറക്കുകയും വെടിനിര്‍ത്തലിലേക്ക് നയിക്കുകയും ചെയ്തു. 

സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമായപ്പോള്‍ വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ ആഴ്ചകളോളം സ്തംഭിച്ചിരുന്നു. എന്നാല്‍ കരാറിലേക്ക് നീങ്ങാനുള്ള നിര്‍ദ്ദേശം ഇറാനിയന്‍ ചര്‍ച്ചക്കാര്‍ക്ക് ഖംനേയി നല്‍കിയതോടെയാണ് വഴിത്തിരിവുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സംഘര്‍ഷ സാധ്യത ശക്തമായ സമയത്താണ് പരമോന്നത നേതാവിന്റെ നിര്‍ദ്ദേശമുണ്ടായത്.  മേഖലയിലെ സഖ്യകക്ഷികള്‍ ഇറാനില്‍ നിന്നും ശക്തമായ പ്രതികരണവും യു എസ് ബോംബിഗിന് തയ്യാറെടുക്കുകയും ചെയ്ത സമയത്ത് ചര്‍ച്ചകളിലേക്ക് മടങ്ങാനുള്ള തെഹ്‌റാന്റെ സന്നദ്ധതയാണ് നിലപാടില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയത്. 

ചര്‍ച്ചകള്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ മധ്യസ്ഥര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.  പാകിസ്ഥാനാണ് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥരായി പ്രവര്‍ത്തിച്ചത്. അതോടൊപ്പം അഭിപ്രായ വ്യത്യാസങ്ങള്‍ കുറക്കുന്നതില്‍ ഈജിപ്തും തുര്‍ക്കിയും പങ്കാളിത്തം വഹിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയോടെ വെടിനിര്‍ത്തല്‍ കേന്ദ്രീകരിച്ചുള്ള പുതുക്കിയ നിര്‍ദ്ദേശം യു എസ് അംഗീകരിക്കുകയും അന്തിമ തീരുമാനം ഖംനേയിക്കായി വിടുകയും ചെയ്തു. 

ഖംനേയിയുടെ അന്തിമ അംഗീകാരം നിര്‍ണായകമാണെന്ന് തെളിഞ്ഞതോടെ സുരക്ഷാ അപകടസാധ്യതകള്‍ വിലയിരുത്തി പരമോന്നത നേതാവ് ചര്‍ച്ചകളില്‍ അടുത്ത് ഇടപെട്ടതായി ആക്‌സിയോസ് പറയുന്നു. ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും ആഭ്യന്തര സമവായം കെട്ടിപ്പടുക്കുന്നതിലും ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രധാന പങ്ക് വഹിച്ചു.

സംഘര്‍ഷം ലഘൂകരിക്കാന്‍ നയതന്ത്രപരമായ നീക്കം പിന്തുടരാന്‍ ചൈന തെഹ്റാന് ഉപദേശം നല്‍കി. ഖംനേയിയുടെ പച്ചക്കൊടി ഇല്ലായിരുന്നെങ്കില്‍ ഒരു കരാറും ഉണ്ടാകുമായിരുന്നില്ലെന്ന് പ്രാദേശിക സ്രോതസ്സിനെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചകള്‍ പരാജയപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും തിരശ്ശീലയ്ക്ക് പിന്നില്‍ കൂടിക്കാഴ്ച തുടരുകയായിരുന്നു. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പാകിസ്ഥാന്‍ മധ്യസ്ഥരുമായി സംസാരിക്കുകയും നെതന്യാഹു ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു. 

രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് വാഷിംഗ്ടണില്‍ നിന്നും തെഹ്റാനില്‍ നിന്നും അംഗീകാരം ആവശ്യപ്പെട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മണിക്കൂറുകള്‍ക്ക് ശേഷം നിബന്ധനകള്‍ പരസ്യമായി വിശദീകരിക്കുകയും ചെയ്തു.

നിര്‍ദ്ദേശം നിരസിക്കാന്‍ ചില സഖ്യകക്ഷികളില്‍ നിന്നും ട്രംപിന് സമ്മര്‍ദ്ദമുണ്ടായെങ്കിലും പാകിസ്ഥാന്‍ നേതൃത്വവുമായി അന്തിമ കൂടിയാലോചനകള്‍ നടത്തുകയായിരുന്നു. 

വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സേനയോട് പിന്മാറാന്‍ യു എസ് ഉത്തരവിടുകയായിരുന്നു. അതേസമയം തന്നെ ഇറാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

സംഘര്‍ഷത്തിന് താത്ക്കാലിക വിരാമമായെങ്കിലും നിരവധി നിര്‍ണായക പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ബാക്കിയുണ്ട്. ഇറാന്റെ ആണവ പദ്ധതിയെയും വിശാലമായ പ്രാദേശിക സുരക്ഷാ ആശങ്കകളെയും കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 

പാകിസ്ഥാനില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതും യു എസ് പക്ഷത്ത് വാന്‍സിന്റെ നേതൃത്വത്തില്‍ നടക്കാന്‍ സാധ്യതയുള്ളതുമായ വരാനിരിക്കുന്ന ചര്‍ച്ചകള്‍ വെടിനിര്‍ത്തല്‍ ദീര്‍ഘകാല ഒത്തുതീര്‍പ്പായി മാറ്റാന്‍ കഴിയുമോ എന്ന് നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഇറാന്റെ ഉന്നതതലത്തിലുള്ള നിര്‍ണായക ഇടപെടലിലൂടെ രൂപപ്പെട്ട നയതന്ത്ര വിജയമാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ പ്രതിഫലിപ്പിക്കുന്നത്. എന്നാല്‍ അടിസ്ഥാനപരമായ പിരിമുറുക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിനാല്‍ അനിശ്ചിതത്വം ബാക്കിയുണ്ട്.