വെടിനിര്‍ത്തല്‍ യുദ്ധാവസാനമല്ല; എതിരായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചടിക്കും: ഇറാന്‍

വെടിനിര്‍ത്തല്‍ യുദ്ധാവസാനമല്ല; എതിരായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചടിക്കും: ഇറാന്‍


തെഹ്‌റാന്‍: ഇപ്പോള്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും വെടിനിര്‍ത്തലിനെതിരെ അമേരിക്കയോ ഇസ്രയേലോ പ്രവര്‍ത്തിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. എല്ലാ സൈനിക വിഭാഗങ്ങളോടും പരമോന്നത നേതാവിന്റെ ഉത്തരവ് പാലിച്ച് വെടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രസ്താവനയിലാണ് മൊജ്തബ ഖംനേയി ഇക്കാര്യം പറഞ്ഞത്. 

അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിനെ തുടര്‍ന്ന് വെടിവെയ്പ് നിര്‍ത്താന്‍ എല്ലാ സൈനിക യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അമേരിക്കയോ ഇസ്രയേലോ ഏതെങ്കിലും തരത്തില്‍ ഇതിനെതിരായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെയാണെന്നും മൊജ്തബ ഖംനേയി കൂട്ടിച്ചേര്‍ത്തു.

ശത്രുവിന്റെ ഭാഗത്തുനിന്ന് ചെറിയൊരു തെറ്റ് സംഭവിച്ചാല്‍ പോലും അതിനെ പൂര്‍ണ്ണ ശക്തിയോടെ നേരിടുമെന്നും ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇറാനിലെ ജനങ്ങളുടെ സഹനത്തിന് സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ നന്ദി അറിയിച്ചു.