ശ്രീനഗർ: ഇറാൻ-അമേരിക്ക-ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ കശ്മീർ താഴ് വരയിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ആഘോഷങ്ങൾ അരങ്ങേറി. നിരവധി ജില്ലകളിൽ ജനങ്ങൾ തെരുവിലിറങ്ങി ഇറാനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഈ നീക്കത്തെ ഇറാൻ ജനതയുടെ വിജയമായി വിശേഷിപ്പിക്കുകയും ചെയ്തു.
ശ്രീനഗർ നഗരത്തിലെ ശിയാ സമൂഹം കൂടുതൽ താമസിക്കുന്ന സൈദ കദൽ പ്രദേശത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ ജനക്കൂട്ടം ഒത്തുകൂടി ഇറാൻ പതാകകൾ വീശിയും മുദ്രാവാക്യം മുഴക്കിയും ആഘോഷിച്ചു. സമീപ പ്രദേശങ്ങളിലും ഇതേ രീതിയിലുള്ള ദൃശ്യങ്ങൾ കണ്ടു. പല സ്ഥലങ്ങളിലും മിഠായികൾ വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനോട് കീഴടങ്ങുകയോ കരാറിൽ ഒപ്പുവയ്ക്കുകയോ ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ ആഘോഷമെന്ന് പ്രാദേശവാസിയായ ഹാദി അബ്ബാസ് പറഞ്ഞു,. ശക്തമായ സമ്മർദ്ദങ്ങൾക്കിടയിലും ഇറാൻ ജനത വഴങ്ങാതെ നിന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യ കശ്മീരിലെ ബഡ്ഗാം ജില്ലയിലും, വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ മഗാം, പട്ടൻ മേഖലകളിലും, ബന്ദിപ്പോര ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആഘോഷങ്ങൾ വ്യാപകമായി നടന്നു. നിരവധി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങൾ കൂട്ടംകൂടിയതായി സാക്ഷികൾ പറഞ്ഞു.
ശക്തമായ സൈനിക നടപടികളുടെ ഭീഷണികൾ ഉയർന്നിരുന്നുവെങ്കിലും, അവസാനം അമേരിക്ക പിൻവാങ്ങി ചർച്ചകൾക്ക് തയ്യാറായതാണെന്ന് മറ്റൊരു നാട്ടുകാരനായ ആഖിബ് ഹുസൈൻ അഭിപ്രായപ്പെട്ടു. ഇറാന്റെ പ്രധാന ആവശ്യങ്ങൾ ചർച്ചകളിൽ പ്രതിഫലിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ചകളിലായി കശ്മീരിൽ, പ്രത്യേകിച്ച് ഷിയാ സമൂഹത്തിനിടയിൽ, ഇറാനോട് ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. സഹായ പ്രവർത്തനങ്ങൾക്ക് കോടികൾ സംഭാവനയായി സമാഹരിച്ചതും ശ്രദ്ധേയമായി. വെടിനിർത്തൽ താൽക്കാലിക ആശ്വാസം നൽകിയതായും, ഇത് ദീർഘകാല സമാധാനത്തിലേക്ക് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രദേശവാസികൾ വ്യക്തമാക്കി.
ഇറാൻ വെടിനിർത്തൽ: കശ്മീർ താഴ് വരയിൽ ആഘോഷങ്ങൾ; ഐക്യദാർഢ്യ പ്രകടനം ശക്തം
