പാലക്കാട് വോട്ടിന് പകരം പണം-ബിജെപിക്കെതിരെ ദൃശ്യങ്ങളുമായി യുഡിഎഫ്

പാലക്കാട് വോട്ടിന് പകരം പണം-ബിജെപിക്കെതിരെ ദൃശ്യങ്ങളുമായി യുഡിഎഫ്


പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണത്തിനിടയിൽ പാലക്കാട് മണ്ഡലത്തിൽ വോട്ട് പിടിക്കാൻ ബിജെപി വ്യാപകമായി പണം വിതരണം ചെയ്തതായി ആരോപണം. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ കണ്ണാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പണം നൽകിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട കോൺഗ്രസ് പ്രവർത്തകരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു.

കണ്ണാടി തരുവക്കുറിശ്ശി ഭാഗത്ത് മരണവീട് സന്ദർശിക്കാനെത്തിയ ശോഭാ സുരേന്ദ്രനും സംഘവും സമീപത്തെ വീട്ടിലെ വയോധികയ്ക്ക് 5000 രൂപ നൽകിയെന്നാണ് പരാതി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകരുടെ 'കരണം അടിച്ചുപൊട്ടിക്കുമെന്ന്' ശോഭ ഭീഷണിപ്പെടുത്തുന്നതും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ആദ്യഘട്ടത്തിൽ, മരുന്ന് വാങ്ങാൻ പണം വേണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ തന്നതാണെന്ന് വയോധിക മാധ്യമങ്ങളോട് പറഞ്ഞെങ്കിലും പിന്നീട് ഇത് തിരുത്തി. കയ്യിലുണ്ടായിരുന്നത് ക്ഷേമ പെൻഷൻ തുകയാണെന്നാണ് വയോധികയുടെ പുതിയ വിശദീകരണം. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വയോധികയുടെ വീട്ടിൽ പരിശോധന നടത്തി.

പാലക്കാട്ടെ വിവിധ എസ്.സി കോളനികളിലും പാവപ്പെട്ടവർ താമസിക്കുന്ന ഇടങ്ങളിലും വ്യാപകമായി പണം വിതരണം ചെയ്തതായി യുഡിഎഫ് ആരോപിക്കുന്നു. ഒരാൾക്ക് 5000 രൂപ വരെയും, അമ്പലങ്ങളിൽ 50,000 രൂപയും, മരണവീടുകളിൽ 25,000 രൂപയും ബിജെപി നൽകിയെന്നാണ് പ്രവർത്തകരുടെ പരാതി. പിരായിരിയിൽ സ്ത്രീകൾക്ക് സാരി വിതരണം ചെയ്തതായും ആരോപണമുണ്ട്. സംസ്ഥാനത്ത് അപൂർവ്വമായാണ് ഒരു സ്ഥാനാർത്ഥി തന്നെ നേരിട്ട് പണം വിതരണം ചെയ്യുന്നത് പിടിക്കപ്പെടുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാൻ ബാധ്യസ്ഥനായതിനാൽ നിലവിൽ കൂടുതൽ പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി പറഞ്ഞു. ഉത്തരേന്ത്യൻ ശൈലിയിൽ പണമൊഴുക്കി വോട്ട് നേടാനുള്ള ബിജെപിയുടെ തന്ത്രം കേരളത്തിൽ വിലപ്പോകില്ല, ശക്തമായ നടപടി വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആവശ്യപ്പെട്ടു.

ജില്ലയിലെ 12 മണ്ഡലങ്ങളിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയിൽ കൃഷ്ണകുമാറും അട്ടിമറി വിജയം നേടുമെന്ന് ബിജെപി അവകാശപ്പെടുമ്പോൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മേൽക്കൈ വിജയമാക്കാനാണ് എൽഡിഎഫ് ശ്രമം. ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ പണമിടപാട് ആരോപണം വന്നതോടെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ കലുഷിതമായിരിക്കുകയാണ്.