വിസ്‌കോൺസിൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ്: ക്രിസ് ടെയ്‌ലർ വിജയിച്ചു; ലിബറൽ ഭൂരിപക്ഷം ശക്തമായി

വിസ്‌കോൺസിൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ്: ക്രിസ് ടെയ്‌ലർ വിജയിച്ചു; ലിബറൽ ഭൂരിപക്ഷം ശക്തമായി


അമേരിക്കയിലെ നിർണായക സ്വിങ് സംസ്ഥാനമായ  വിസ്‌കോൺസിൻ സുപ്രീം കോടതി തിരഞ്ഞെടുപ്പിൽ ജഡ്ജി ക്രിസ് ടെയ്‌ലർ വിജയിച്ചതായി റിപ്പോർട്ടുകൾ. ഇതോടെ കോടതിയിലെ ലിബറൽ ഭൂരിപക്ഷം കൂടുതൽ ശക്തമായി.

ഡെയ്ൻ കൗണ്ടിയിൽ നിന്നുള്ള അപ്പീൽസ് കോടതി ജഡ്ജിയായ ടെയ്‌ലർ, വൗകേഷ കൗണ്ടിയിലെ കൺസർവേറ്റീവ് ജഡ്ജി മരിയ ലാസറെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ സുപ്രീം കോടതിയിൽ ലിബറൽ വിഭാഗത്തിന് 52 ഭൂരിപക്ഷം ഉറപ്പായി, അടുത്ത ദശകത്തോളം ഇതു നിലനിൽക്കാനാണ് സാധ്യത.

വിരമിക്കുന്ന ജസ്റ്റിസ്  റബേക്ക് ബ്രാഡ്‌ലിയുടെ ഒഴിവ് നികത്താനായിരുന്നു തിരഞ്ഞെടുപ്പ്. ഔദ്യോഗികമായി പാർട്ടിയേതര മത്സരമായിരുന്നുവെങ്കിലും, ഫലം ഡെമോക്രാറ്റുകൾക്ക് വലിയ രാഷ്ട്രീയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

പ്രചാരണത്തിൽ ഗർഭച്ഛിദ്രാവകാശം പ്രധാന വിഷയമാക്കിയ ടെയ്‌ലർ, ധനശേഖരണത്തിലും മുന്നിൽ നിന്നു. ഏകദേശം 5.6 മില്യൺ ഡോളർ സമാഹരിച്ചപ്പോൾ, ലാസർക്ക് 9 ലക്ഷം ഡോളറാണ് ലഭിച്ചത്.

മുൻ പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ള പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ ടെയ്‌ലറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ റാഹം ഇമ്മാനുവൽ, പീറ്റ് ബട്ടിജീജ്, മാർക്ക് കെല്ലി, ക്രിസ് മർഫി എന്നിവരും പ്രചാരണത്തിന് പിന്തുണ നൽകി.

മറുവശത്ത്, ലാസർ മുൻ അറ്റോർണി ജനറൽ ഓഫിസിൽ പ്രവർത്തിച്ചിരുന്ന അനുഭവസമ്പത്തുള്ള ജഡ്ജിയാണ്. മുൻ ഗവർണർ  സ്‌കോട്ട് വാക്കർ  നടപ്പാക്കിയ നിയമപരിഷ്‌കാരങ്ങൾ കോടതിയിൽ പ്രതിരോധിച്ച അനുഭവവും അവർക്കുണ്ട്.

2020 മുതൽ വിസ്‌കോൺസിനിലെ സുപ്രീം കോടതി തിരഞ്ഞെടുപ്പുകളിൽ ലിബറൽ പക്ഷം വിജയപരമ്പര തുടരുകയാണ്. 2023ൽ ഭൂരിപക്ഷം തിരിച്ചുപിടിച്ച അവർ, ഇപ്പോൾ അതിനെ കൂടുതൽ ഉറപ്പിച്ചു.

ഈ വിജയം സംസ്ഥാനത്തിലെ ഭാവി തെരഞ്ഞെടുപ്പുകൾക്കും, പ്രത്യേകിച്ച് 2028 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനും വലിയ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.