'ഡ്രാഫ്റ്റ്' പോസ്റ്റ് വിവാദം: ഷെഹ്ബാസ് ഷരീഫിന്റെ എക്‌സ് സന്ദേശം ചർച്ചയായ്; പാകിസ്ഥാന്റെ നിലപാട് ചോദ്യംചെയ്ത് സോഷ്യൽ മീഡിയ

'ഡ്രാഫ്റ്റ്' പോസ്റ്റ് വിവാദം: ഷെഹ്ബാസ് ഷരീഫിന്റെ എക്‌സ് സന്ദേശം ചർച്ചയായ്; പാകിസ്ഥാന്റെ നിലപാട് ചോദ്യംചെയ്ത് സോഷ്യൽ മീഡിയ


ഇസ്ലാമാബാദ്: ഇറാൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ എക്‌സ് (മുൻ ട്വിറ്റർ) പോസ്റ്റിനെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉയർന്നു. പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററിയിൽ 'Draft - Pakistan's PM Message on X' എന്ന കുറിപ്പ് ഉൾപ്പെട്ടതായി കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ചർച്ച ശക്തമായത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരായ നടപടി വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷരീഫിന്റെ സന്ദേശം. നയതന്ത്ര ശ്രമങ്ങൾക്ക് കൂടുതൽ സമയം നൽകാൻ രണ്ട് ആഴ്ചത്തെ സമയം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കൂടാതെ, ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സൗഹൃദ സൂചനയായിരിക്കുമെന്നുമാണ് ഷരീഫ് പറഞ്ഞത്.

എന്നാൽ, ഈ സന്ദേശത്തിന്റെ പഴയ പതിപ്പെന്നു പറയപ്പെടുന്ന സ്‌ക്രീൻഷോട്ടുകളാണ് സംശയങ്ങൾക്ക് വഴിവെച്ചത്. 'ഡ്രാഫ്റ്റ്' എന്ന അടയാളത്തോടുകൂടിയ പോസ്റ്റിൽ സമാനമായ നയതന്ത്ര ആവശ്യങ്ങൾ ഉൾപ്പെട്ടിരുന്നതായി കാണിക്കുന്നു. ഇതോടെ, സന്ദേശം മുൻകൂട്ടി തയ്യാറാക്കിയതാണോ എന്ന ചോദ്യവും ഉയർന്നു.

സോഷ്യൽ മീഡിയയിൽ ചിലർ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തി. പോസ്റ്റിൽ 'വൈറ്റ് ഹൗസിന്റെ നിർദ്ദേശം' അബദ്ധത്തിൽ നീക്കാതെ പോസ്റ്റുചെയ്തതാകാമെന്ന സംശയവും ഉയർന്നു. ചിലർ അത് അമേരിക്കയുടെ സ്വാധീനമാണെന്ന ആരോപണങ്ങളും ഉന്നയിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

ഇതുവരെ വിഷയത്തിൽ പാക്കിസ്ഥാന്റെയോ അമേരിക്കയുടെയോ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

ഇറാൻ സംഘർഷത്തിൽ ഇടനിലക്കാരനായി പ്രവർത്തിക്കാൻ ശ്രമിക്കുന്ന പാകിസ്ഥാൻ, അമേരിക്കയും ഇറാനും തമ്മിലുള്ള ആശയവിനിമയത്തിൽ പങ്കാളിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതുവരെ യാതൊരു നിർണായക മുന്നേറ്റവും ഉണ്ടായിട്ടില്ല.

നയതന്ത്ര ശ്രമങ്ങൾ ശക്തമായി മുന്നേറുകയാണെന്നും, യുദ്ധം അവസാനിപ്പിക്കാൻ വെടിനിർത്തൽ അനിവാര്യമാണെന്നും ഷരീഫ് തന്റെ ആദ്യ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.