ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന വ്യവസ്ഥയിൽ ഇറാനിലെ ബോംബാക്രമണം രണ്ട് ആഴ്ച നിർത്താൻ സമ്മതമെന്ന് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന വ്യവസ്ഥയിൽ ഇറാനിലെ ബോംബാക്രമണം രണ്ട് ആഴ്ച നിർത്താൻ സമ്മതമെന്ന് ട്രംപ്


വാഷിംഗ്ടൺ:  ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും സുരക്ഷിതമായി തുറക്കാൻ തയ്യാറായാൽ ഇറാനെതിരായ ബോംബാക്രമണങ്ങൾ രണ്ട് ആഴ്ചത്തേക്ക് നിർത്തിവെക്കാൻ അമേരിക്കയും തയ്യാറെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  

ചൊവ്വാഴ്ച (ഏപ്രിൽ 7) നിർണായക അന്ത്യശാസന സമയപരിധിക്ക് തൊട്ടുമുമ്പാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഇറാൻ ഈ നിബന്ധന അംഗീകരിക്കുന്ന പക്ഷം മാത്രമേ വെടിനിർത്തൽ പ്രാബല്യത്തിൽ വരൂ എന്നും അദ്ദേഹം വ്യക്തമാക്കി. 'ഇത് രണ്ടുകൂട്ടർക്കും ബാധകമായ ഒരു വെടിനിർത്തലായിരിക്കും' എന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ ഇതിനകം കൈവരിച്ചുവെന്നും, ദീർഘകാല സമാധാനത്തിനായുള്ള കരാറിലേക്ക് കാര്യങ്ങൾ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ നിന്ന് ലഭിച്ച 10 പോയിന്റ് നിർദ്ദേശം ചർച്ചയ്ക്ക് അനുയോജ്യമായ അടിത്തറയാണെന്നും അദ്ദേഹം വിലയിരുത്തി.

ഇതിനിടെ, ഇസ്രയേൽ ഈ താൽക്കാലിക വെടിനിർത്തലിൽ പങ്കുചേരാൻ സമ്മതിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചർച്ചകൾ തുടരുന്നതിനിടെ ഇസ്രയേലും ബോംബാക്രമണം നിർത്തിവയ്ക്കും.

പ്രശ്‌നപരിഹാരത്തിനായി അവസാന നിമിഷം നടന്ന നയതന്ത്ര ഇടപെടലുകൾക്ക് പാക്കിസ്ഥാന്  പ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ സമയപരിധിക്കുള്ളിൽ ധാരണയില്ലെങ്കിൽ വലിയ നാശനഷ്ടമുണ്ടാകാമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായതായി സൂചനകളുണ്ട്. ഈ രണ്ട് ആഴ്ചക്കാലയളവിൽ അന്തിമ കരാർ പൂർത്തിയാക്കാനാണ് ശ്രമം.