വാഷിംഗ്ടണ്‍: ഇറാനിലെ 47 വര്‍ഷത്തെ കൊള്ളയടിക്കലും അഴിമതിയും മരണവും അവസാനിപ്പിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ചത്തെ സമയപരിധിക്ക് മുമ്പ് അമേരിക്കയും ഇസ്രായേലും ഇറാനിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ഊര്‍ജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടപ്പോഴായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
രാത്രിയോടെ ഇറാന് നാഗരികത മരിക്കുമെന്നും ഇനി ഒരിക്കലും തിരികെ വരില്ലെന്നും പറഞ്ഞ ട്രംപ് താനത് സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കിലും അത് സംഭവിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും അല്ലെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്നുമുള്ള ട്രംപിന്റെ സമയപരിധിക്ക് പന്ത്രണ്ട് മണിക്കൂര്‍ മുമ്പാണ് അടിസ്ഥാന സൗകര്യങ്ങളും ഊര്‍ജ്ജ നിലയങ്ങളും ലക്ഷ്യമിട്ട് യു എസും ഇസ്രായേലും ഇറാനില്‍ പുതിയ ആക്രമണം നടത്തിയത്.
ഇറാന്റെ സാമ്പത്തിക ജീവനാഡിയായി കണക്കാക്കപ്പെടുന്ന ഖാര്‍ഗ് ദ്വീപിനു നേരെയും ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഖാര്‍ഗ് ദ്വീപില്‍ നിന്നാണ് ലഭ്യമാകുന്നത്.
പുതിയ ആക്രമണങ്ങള്‍ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സുകള്‍ക്ക് പുറമെ കുറഞ്ഞത് രണ്ട് പാലങ്ങളെയും ഒരു പ്രധാന ഹൈവേയെയും ലക്ഷ്യമിട്ടു. ഷഹരിയാര്‍ നഗരത്തിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒമ്പത് പേര് കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഇറാന്റെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളില്‍ ആക്രമണങ്ങളുടെ തരംഗം പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ട്രംപ് നിരവധി തവണ സമയപരിധി മാറ്റിയതിന് ശേഷമാണ് ഇറാനിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയത്.
യുദ്ധത്തിന് താത്ക്കാലിക വിരാമമല്ല പൂര്‍ണ വിരാമം വേണമെന്ന് ആവശ്യപ്പെട്ട ഇറാന് യുദ്ധകാല ന്ഷ്ടങ്ങള്ക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം നിരസിച്ചത്.
യു എസ് തെഹ്റാന്റെ 'ചുവപ്പ് രേഖകള്‍' മറികടന്നാല്‍ യു എസിനും സഖ്യകക്ഷികള്‍ക്കും എണ്ണയും വാതകവും നിഷേധിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ ഭീഷണിപ്പെടുത്തി. തങ്ങളുടെ പ്രതികരണം മേഖലയ്ക്ക് അപ്പുറത്തേക്ക് പോകുമെന്നും റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
ട്രംപിന്റെ സമയപരിധി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വൈദ്യുതി നിലയങ്ങള്‍ സംരക്ഷിക്കാന്‍ മനുഷ്യച്ചങ്ങല രൂപീകരിക്കാന്‍ ഇറാന് ഉദ്യോഗസ്ഥര്‍ യുവാക്കളോട് ആവശ്യപ്പെട്ടു.
ട്രംപിന്റെ സമയപരിധിക്ക് മുമ്പ് 14 ദശലക്ഷത്തിലധികം പൗരന്മാര് ഇറാനെ പ്രതിരോധിക്കാന്‍ ജീവന് ബലിയര്‍പ്പിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്‍ പറഞ്ഞു. താനും അങ്ങനെയാണെന്ന് പെസെഷ്കിയന് എക്സില്‍ കുറിച്ചു.
നിങ്ങള്‍ക്കും നിങ്ങളുടെ സഖ്യകക്ഷികള്‍ക്കും ഇറാന്റെ പുരാതന നാഗരികതയില്‍ നിന്ന് മറക്കാനാവാത്ത ആഘാതം നേരിടേണ്ടിവരും എന്നാണ് സൗദി അറേബ്യയിലെ ഇറാനിയന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ ട്രംപിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചത്.
