ഇറാന്‍ സുപ്രിം നേതാവ് അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ സുപ്രിം നേതാവ് അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്


തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പരമോന്നത നേതാവ് യുദ്ധമുറിയിലേക്ക് നടക്കുന്നതിന്റെ എ ഐ വീഡിയോ തെഹ്റാന്‍ പുറത്തുവിട്ടു.

യു എസ്- ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖംനേയിക്ക് അംഗവൈകല്യം സംഭവിച്ചതായും കോം നഗരത്തില്‍ വൈദ്യചികിത്സ തേടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 56 കാരനായ ഖംനേയി അബോധാവസ്ഥയിലായിരുന്നുവെന്നും 'ഗുരുതരമായ' ആരോഗ്യസ്ഥിതിയാണ് അദ്ദേഹത്തിന്റേതെന്നും അതിനാണ് ചികിത്സിക്കുന്നതെന്നും ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ഇറാന്റെ പരമോന്നത നേതാവിന്റെ സ്ഥാനം വെളിപ്പെടുത്തുന്നത് ഇതാദ്യമായാണ്. തെഹ്റാനില്‍ നിന്ന് ഏകദേശം 140 കിലോമീറ്റര്‍ തെക്ക് ഭാഗത്താണ് ഷിയാ മുസ്‌ലിംകള്‍ പവിത്രമായി കണക്കാക്കുന്ന നഗരം സ്ഥിതി ചെയ്യുന്നത്. ഇറാന്റെ മത തലസ്ഥാനമായാണ് ഇവിടം അറിയപ്പെടുന്നത്.

കോമില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള മൊജ്തബ ഖംനേയി ഭരണകൂടത്തിന്റെ തീരുമാനങ്ങളിലൊന്നും പങ്കാളിയല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.   ഗള്‍ഫ് സഖ്യകക്ഷികളുമായി പങ്കിട്ട അമേരിക്കന്‍, ഇസ്രായേലി ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ളരേഖയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 

പരമോന്നത നേതാവിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങള്‍ കുറച്ചുകാലമായി യു എസ്, ഇസ്രായേലി ചാര ഏജന്‍സികള്‍ക്ക് അറിയാമായിരുന്നു, പക്ഷേ മുമ്പ് അത് പരസ്യമാക്കിയിരുന്നില്ല.

ഫെബ്രുവരി 28ന് യു എസ്- ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട അലി ഖംനേയിയുടെ  മൃതദേഹം കോമില്‍ സംസ്‌കരിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

'ഒന്നിലധികം ശവക്കുഴികള്‍ക്കായി' കോമില്‍ ഒരു വലിയ ശവകുടീരം പണിയുന്നതിന് ആവശ്യമായ അടിത്തറ പാകുന്ന ഒരുക്കത്തെക്കുറിച്ച് യു എസ്, ഇസ്രായേലി ചാര ഏജന്‍സികള്‍ക്ക് ഇന്റലിജന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് മറ്റ് കുടുംബാംഗങ്ങളെയും അന്തരിച്ച സുപ്രിം നേതാവിനൊപ്പം അടക്കം ചെയ്യാമെന്ന് സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ടിലെ അവകാശവാദങ്ങളെക്കുറിച്ച് വാഷിംഗ്ടണോ തെഹ്റാനോ ഇതുവരെ സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. 

പിതാവിന്റെ പിന്‍ഗാമിയായി മാര്‍ച്ച് ആദ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടും യുദ്ധം ആരംഭിച്ചതിനുശേഷം പുതിയ സുപ്രിം നേതാവിനെ പൊതുജനമധ്യത്തില്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. ഖംനേയിയുടെ പേരില്‍ ആരോപിക്കപ്പെടുന്ന നിരവധി പ്രസ്താവനകള്‍ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ റെക്കോര്‍ഡിംഗ് ഇല്ലാത്തത് അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടുന്നു.

പുതിയ പരമോന്നത നേതാവ് രാജ്യത്തിന്റെ 'ചുമതല' വഹിക്കുന്നുണ്ടെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വാദിക്കുമ്പോള്‍, മുന്‍ റിപ്പോര്‍ട്ടുകള്‍ ഖംനേയിയുടെ ആരോഗ്യസ്ഥിതിയെ പരാമര്‍ശിക്കുന്നു. ഒരു ആശുപത്രിയില്‍ അദ്ദേഹം കോമയില്‍ ചികിത്സയിലാണെന്ന് യു എസ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടപ്പോള്‍, മറ്റു ചിലര്‍ അദ്ദേഹത്തിന്റെ കാലിന് ഒടിവും മുഖത്തിന് പരിക്കേറ്റതായും അഭിപ്രായപ്പെട്ടു.