വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പ് ഉയർത്തിയ സാഹചര്യത്തിൽ, സൈനിക നടപടിയേക്കുറിച്ചുള്ള അന്തിമ തീരുമാനം ഇനിയും അനിശ്ചിതത്വത്തിലാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമയപരിധി അടുത്തെത്തുമ്പോൾ, ഇറാനിലെ വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്താനുള്ള സാധ്യത ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, ചർച്ചകൾ മുന്നോട്ട് പോകുന്നുവെന്ന സൂചന ലഭിച്ചാൽ ആക്രമണം താൽക്കാലികമായി മാറ്റിവയ്ക്കാൻ ട്രംപ് തയ്യാറാകാമെന്നാണ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. 'കരാർ സാധ്യമാകുമെന്ന് പ്രസിഡന്റ് കാണുന്നുവെങ്കിൽ, അദ്ദേഹം ആക്രമണം നീട്ടിവെക്കും. എന്നാൽ ആ തീരുമാനം അദ്ദേഹത്തിന്റേതു മാത്രമാണ്,' എന്നാണ് ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം. അതേസമയം, ഈ തവണ സമയം നീട്ടാൻ സാധ്യത കുറവാണെന്ന് പ്രതിരോധ വിഭാഗം വിലയിരുത്തുന്നു.
ചൊവ്വാഴ്ചയെ 'പവർ പ്ലാന്റ് ദിനവും ബ്രിഡ്ജ് ദിനവും ഒരുമിച്ചുള്ളത്' എന്നുപറഞ്ഞ് ട്രംപ് ശക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ഇറാനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച അദ്ദേഹം, ഉടൻ കരാർ ഉണ്ടാകില്ലെങ്കിൽ അതിവിശാലമായ സൈനിക നടപടി ഉണ്ടാകുമെന്ന് സൂചന നൽകി. അതേസമയം, തിങ്കളാഴ്ചക്കകം കരാർ സാധ്യമാകാൻ 'നല്ല സാധ്യതയുണ്ട്' എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് അവസാനം യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ ആരംഭിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണപദ്ധതികളും പ്രാദേശിക പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട 15പോയിന്റ് പദ്ധതി യുഎസ് മുന്നോട്ടുവച്ചിരുന്നു. ഒരു മാസത്തെ വെടിനിർത്തൽ, ആണവ ശേഷി പൂർണമായും ഉപേക്ഷിക്കൽ, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കൽ തുടങ്ങിയ നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെട്ടു. കൂടാതെ നാറ്റാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നീ പ്രധാന ആണവ കേന്ദ്രങ്ങൾ അടയ്ക്കണമെന്നുമെല്ലാം കരാറിനായി ട്രംപ് നിർദ്ദേശിച്ചിരുന്നു.
എന്നാൽ, ഈ നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നു പറഞ്ഞ് ഇറാൻ തള്ളുകയും പകരമായി സ്വന്തം 10പോയിന്റ് പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. സ്ഥിര സമാധാനം ഉറപ്പാക്കൽ, ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത ഗതാഗതം, ആണവ കരാറിന്റെ അടിസ്ഥാനത്തിൽ യുറേനിയം സമ്പുഷ്ടീകരണ അവകാശം അംഗീകരിക്കൽ തുടങ്ങിയവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. കൂടാതെ യുഎസും മറ്റു രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ, ജമസശേെമി, ഋഴ്യു,േ ഠൗൃസല്യ എന്നീ രാജ്യങ്ങൾ മധ്യസ്ഥത വഹിച്ച് സംഘർഷം ഒഴിവാക്കാൻ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കരാറിലേക്ക് നീങ്ങുന്ന സാഹചര്യമോ, അതോ സൈനിക നടപടി ഉണ്ടാകുമോയെന്നതോ അടുത്ത ദിവസങ്ങളിൽ വ്യക്തമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
കരാറിന്റെ സൂചനയുണ്ടെങ്കിൽ ഇറാനിലേക്കുള്ള ആക്രമണം ട്രംപ് വൈകിപ്പിക്കുമോ?
