തൃശൂര്‍: തൃശൂരില്‍ ബി ജെ പിക്കെതിരെ വീണ്ടും കിറ്റ് വിവാദം. കേച്ചേരിയില്‍ അച്ചാര്‍ നിര്‍മാണ കമ്പനിക്കുള്ളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ നിലയില്‍ കിറ്റുകള്‍ കണ്ടെത്തി. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. കിറ്റുകള്‍ക്ക് പിന്നില്‍ ബി ജെ പിയാണെന്ന് ഇടതുമുന്നണി ആരോപിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡും പൊലീസും അച്ചാര്‍ കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ 750 ഭക്ഷ്യക്കിറ്റുകള്‍ പിടിച്ചെടുത്തു.
അച്ചാര്‍ കമ്പനിയില്‍ അസാധാരണമായി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധിച്ച പ്രാദേശിക എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിതരണത്തിന് തയ്യാറായ നിലയില്‍ കിറ്റുകള്‍ കണ്ടെത്തിയത്. അരി, വെളിച്ചെണ്ണ, പരിപ്പ്, മഞ്ഞള്‍പ്പൊടി, സോപ്പ് തുടങ്ങിയ സാധനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്.
ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളുമായി ബന്ധമുള്ള സ്ഥാപനമാണ് അച്ചാര്‍ കമ്പനി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥിയുടെയും നിലവിലെ യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറിയുടെയും അനുജന്റേതാണ് ഈ അച്ചാര്‍ കമ്പനിയെന്നാണ് എല്‍ ഡി എഫ് ആരോപിക്കുന്നത്. കമ്പനിക്ക് പുറത്ത് ചാക്ക് കണക്കിന് അരി ലോഡ് ഇറക്കിയിട്ടിരുന്നതായും ടെമ്പോ വാനുകളില്‍ ഇവ കടത്താന്‍ ശ്രമിച്ചതായും എല്‍ ഡി എഫ് നേതാക്കള്‍ ആരോപിച്ചു. വിവരമറിഞ്ഞ് പോലീസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. എന്നാല്‍ ഒരു ഓര്‍ഡര്‍ അനുസരിച്ച് കിറ്റുകള്‍ തയ്യാറാക്കി നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് കമ്പനി ഉടമകള്‍ പോലീസിനോട് വിശദീകരിച്ചത്.
