വാഷിംഗ്ടണ്‍: ലോകസമാധാനത്തിനുള്ള വലിയ ദിനമാണെന്നും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത വര്‍ധനവിന് സഹായിക്കുമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടി നിര്‍ത്തല്‍ കരാറിനെ കുറിച്ച് സാമൂഹ്യ മാധ്യമ പോസ്റ്റിട്ടു. മികച്ച നിരവധി നടപടികളുണ്ടാകുമെന്നും ട്രംപ് പോസ്റ്റില്‍ എഴുതി.
ഇറാന് പുനര്‍നിര്‍മ്മാണ പ്രക്രിയ ആരംഭിക്കാന്‍ കഴിയുമെന്നും എല്ലാത്തരം സാധനങ്ങളും തങ്ങള്‍ നല്‍കുമെന്നും എല്ലാം നന്നായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ ചുറ്റുമുണ്ടാകുമെന്നും അത് സംഭവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് എഴുതി.
സമാധാനകാലത്ത് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിമുറുക്കുന്നത് സംബന്ധിച്ച വാഷിംഗ്ടണിന്റെ ആശങ്കയും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു.
ഇറാന് ആയുധങ്ങള്‍ നല്‍കുന്ന ഏതൊരു രാജ്യത്തിനും ഇളവുകളില്ലാതെ 50 ശതമാനം താരിഫ് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി. തെഹ്‌റാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ തീരുവ പ്രഖ്യാപിച്ചത്.
ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയില്‍ യു എസ് സൈനിക വിജയം നേടിയിട്ടുണ്ടെന്നും ഇറാന്‍ വെടിനിര്‍ത്തലിനായി യാചിച്ചുവെന്നും യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയില്‍ ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ നശിപ്പിക്കപ്പെട്ടുവെന്നും യു എസ് 800 ആക്രമണങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഫാക്ടറികള്‍ നിലംപരിശാക്കിയതായും അദ്ദേഹം പറഞ്ഞു.
ഇറാന്റെ പുതിയ പരമോന്നത നേതാവിന് പരിക്കേറ്റുവെന്നും വികൃതനായെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനിലെ യു എസ് സൈനിക ലക്ഷ്യങ്ങള്‍ നേടിയെന്ന് യു എസ് ആര്‍മിയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ താത്ക്കാലിക വിരാമമാണെന്നും സംയുക്ത സേന പോരാട്ടം പുന:രാരംഭിക്കാന്‍ തയ്യാറാണെന്നും ജനറല്‍ കെയ്ന്‍ പറയുന്നു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ 80 ശതമാനം നശിപ്പിക്കപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു.
ഇറാനിലെ 13,000ലധികം ലക്ഷ്യങ്ങള്‍ യു എസ് സൈന്യം ആക്രമിച്ചതായും ഇറാന്റെ 90 ശതമാനം ആയുധ ഫാക്ടറികളും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ പരമ്പരാഗത നാവികസേനയുടെ 90 ശതമാനത്തിലധികവും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
