നേറ്റോയെ വിമർശിച്ച് ട്രംപ്; ഗ്രീൻലാൻഡ് വിഷയം വീണ്ടും ഉയർത്തി, യു.എസ് പിന്മാറാനും സാധ്യത

നേറ്റോയെ വിമർശിച്ച് ട്രംപ്; ഗ്രീൻലാൻഡ് വിഷയം വീണ്ടും ഉയർത്തി, യു.എസ് പിന്മാറാനും സാധ്യത


വാഷിംഗ്ടൺ: നേറ്റോ സഖ്യത്തെ വീണ്ടും കടുത്ത ഭാഷയിൽ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടേയുമായി വൈറ്റ് ഹൗസിൽ നടന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 'ആവശ്യമായപ്പോൾ നേറ്റോ നമ്മോടൊപ്പമുണ്ടായിരുന്നില്ല; ഇനി ആവശ്യമുണ്ടായാലും ഉണ്ടാകില്ല' എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇറാനുമായി ബന്ധപ്പെട്ട സംഘർഷ സാഹചര്യത്തിൽ നേറ്റോ രാജ്യങ്ങൾ അമേരിക്കയ്ക്ക് പൂർണ പിന്തുണ നൽകാത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള നീക്കങ്ങളിൽ നേറ്റോ മുന്നിൽ നിന്നില്ലെന്നും, അമേരിക്കൻ സേനയ്ക്ക് സഖ്യരാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ഉപയോഗിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതും ട്രംപ് വിമർശിച്ചു. നാറ്റോയെ 'കടലാസ് പുലി' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇതിനിടെ, ഏറെക്കാലമായി വിവാദമായ ഗ്രീൻലാൻഡ് വിഷയവും ട്രംപ് വീണ്ടും ഉയർത്തിക്കാട്ടി. ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള ഈ ആർട്ടിക് പ്രദേശത്തെ സ്വന്തമാക്കാനുള്ള തന്റെ മുൻ നിലപാട് അദ്ദേഹം വീണ്ടും ഓർമ്മിപ്പിച്ചു. യുഎസ്ഇറാൻ വെടിനിർത്തലിന് പിന്നാലെയാണ് ഈ പരാമർശം ഉയർന്നത്.

നേറ്റോയിൽ നിന്ന് യുഎസ് പിന്മാറുമോയെന്ന ആശങ്കയും ശക്തമാണ്. ഈ വിഷയം ട്രംപ് മുമ്പും പരിഗണിച്ചിട്ടുണ്ടെന്നും, റുട്ടെയുമായുള്ള ചർച്ചയിൽ ഇത് ഉൾപ്പെട്ടിരുന്നുവെന്നും വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് അറിയിച്ചു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതുസംബന്ധിച്ച് വ്യക്തമായ തീരുമാനം പുറത്തുവന്നിട്ടില്ല.

കൂടിക്കാഴ്ച 'തുറന്നതും വ്യക്തവുമായ ചർച്ച' ആയിരുന്നുവെന്ന് നേറ്റോ വക്താവ് അറിയിച്ചു. സഖ്യരാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ശക്തമായ നേറ്റോ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത റുട്ടെ മുന്നോട്ടുവച്ചതായും വ്യക്തമാക്കി.

ഇതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ ലക്ഷ്യമിട്ട് ട്രംപ് നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായി. ബ്രിട്ടന്റെ വിമാനവാഹിനികളെ 'കളിപ്പാട്ടങ്ങൾ' എന്ന് വിശേഷിപ്പിച്ച ട്രംപ്, സ്റ്റാർമറെ വിൻസ്റ്റൺ ചർച്ചിലുമായി താരതമ്യം ചെയ്തും വിമർശിച്ചു.

അമേരിക്കയുടെ നിലപാട് വ്യക്തതയില്ലാത്തതിനാൽ നേറ്റോയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ തുടർന്നുകൊണ്ടിരിക്കുകയാണ്.