വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രീ എപ്സ്റ്റീനെ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസിലെ സഭാമേൽനോട്ട സമിതിക്ക് മുന്നിൽ സാക്ഷ്യം നൽകാൻ മുൻ അറ്റോർണി ജനറൽ പാംബോണ്ടി എത്തില്ല. അടുത്ത ആഴ്ച നിശ്ചയിച്ചിരുന്ന മൊഴിയെടുപ്പ് പുതിയ തീയതിയിലേക്ക് മാറ്റുന്നതിനായി ബോണ്ടിയുമായി സഹകരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച ബോണ്ടിയെ പദവിയിൽ നിന്ന് നീക്കിയിരുന്നു. എപ്സ്റ്റീൻ അന്വേഷണത്തിൽ ഉണ്ടായ പിഴവുകളാണ് ഈ നീക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. 2019ൽ പ്രായപൂർത്തിയാകാത്ത ലൈംഗിക ഇരകളെ കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസുകൾ നേരിടുന്നതിനിടെ മരിച്ച എപ്സ്റ്റീനെ സംബന്ധിച്ച നീതിന്യായ വകുപ്പിന്റെ അന്വേഷണവും രേഖകളും സംബന്ധിച്ചായിരുന്നു ബോണ്ടിയുടെ മൊഴിയെടുപ്പ് നിശ്ചയിച്ചിരുന്നത്.
ഏപ്രിൽ 14ന് ഹാജരാകാൻ കമ്മിറ്റിയുടെ റിപ്പബ്ലിക്കൻ ചെയർമാൻ ജെയിംസ് ആർ കോമർ ബോണ്ടിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അവർ ഇനി അറ്റോർണി ജനറൽ സ്ഥാനത്ത് ഇല്ലാത്തതിനാൽ ഹാജരാകില്ലെന്നാണ് നീതിന്യായ വകുപ്പ് അറിയിച്ചതെന്ന് കമ്മിറ്റിയുടെ വക്താവ് പറഞ്ഞു. ഇതോടെ അടുത്ത നടപടികൾ, ഉൾപ്പെടെ പുതിയ തീയതി നിശ്ചയിക്കൽ, ബോണ്ടിയുടെ നിയമസംഘവുമായി ചേർന്ന് തീരുമാനിക്കാനാണ് സാധ്യത.
അതേസമയം, സമൻസ് ഇപ്പോഴും പ്രാബല്യത്തിൽ തന്നെയാണെന്ന് ഡെമോക്രാറ്റിക് നേതാവ് റോബർട്ട് ഗാർസിയ വ്യക്തമാക്കി. ബോണ്ടി ഹാജരാകുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, സമൻസ് അനുസരിക്കാത്ത പക്ഷം കോൺഗ്രസിൽ ബഹിഷ്‌കരണ നടപടികൾ ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ബോണ്ടിക്കെതിരെ സമൻസ് പുറപ്പെടുവിക്കാൻ റിപ്പബ്ലിക്കൻ അംഗങ്ങളിൽ ചിലർ പോലും ഡെമോക്രാറ്റുകൾക്ക് പിന്തുണ നൽകിയിരുന്നു. ഇത് ട്രംപിന്റെ സ്വന്തം പാർട്ടിക്കുള്ളിലെ ഭിന്നതയായാണ് വിലയിരുത്തപ്പെടുന്നത്. ബോണ്ടി ഹാജരാകേണ്ട ബാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് റിപ്പബ്ലിക്കൻ നേതാവ് നാൻസി മേസും വ്യക്തമാക്കി.
മൊഴിയെടുപ്പ് വൈകുന്നതിൽ എപ്സ്റ്റീൻ കേസിലെ ഇരകളായ ആനി, മരിയ ഫാർമർ സഹോദരിമാർ നിരാശ പ്രകടിപ്പിച്ചു. 'വർഷങ്ങളായി ഉത്തരങ്ങൾ കാത്തിരിക്കുകയാണ്; ഇനി എത്രകാലം കൂടി?' എന്നാണ് അവരുടെ ചോദ്യം.
കഴിഞ്ഞ വർഷം നീതിന്യായ വകുപ്പിന്റെ രേഖകൾ ആവശ്യപ്പെട്ട് തുടങ്ങിയ അന്വേഷണം പിന്നീട് എപ്സ്റ്റീന്റെ സ്വത്തുക്കളും അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തികളെയും ഉൾപ്പെടുത്തി വ്യാപിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മൊഴിയെടുപ്പുകളും രഹസ്യ ചർച്ചകളും നടക്കും. വാണിജ്യ സെക്രട്ടറി ഹവാർഡ് ലുട്‌നിക് മേയ് 6നും, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും ജൂൺ 10നും ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ.
എപ്സ്റ്റീൻ കേസ്: സാക്ഷിമൊഴിനൽകാൻ മുൻ അറ്റോർണി ജനറൽ പാം ബോണ്ടി ഹാജരാകില്ല; കോൺഗ്രസ് നടപടി കടുപ്പിക്കും
