പോളിംഗ് ശതമാനം 80ലേക്ക്

പോളിംഗ് ശതമാനം 80ലേക്ക്


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 78.22 ശതമാനം പോളിങ്. 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് കോഴിക്കോടും കുറവ് പോളിങ് പത്തനംതിട്ടയിലും രേഖപ്പെടുത്തി. കോഴിക്കോട് 81.32 ശതമാനവും പത്തനംതിട്ടയില്‍ 70.76 ശതമാനവുമാണ് പോളിംഗ്.

രാത്രി ഏഴു മണി വരെയുള്ള കണക്കു പ്രകാരം 77.69 ശതമാനമായിരുന്നു പോളിംഗ്. 

27142952 വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 883 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് എല്‍ ഡി എഫും യു ഡി എഫ് തരംഗമായിരിക്കും ഫലം പുറത്തു വരുമ്പോള്‍ ഉണ്ടാകുന്നതെന്ന് യു ഡി എഫും പ്രതീക്ഷ പ്രകടിപ്പിച്ചു. 

കോഴിക്കോട് ജില്ലയില്‍ 81.26 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കാസര്‍ക്കോട് ജില്ലയില്‍ 78.94 ശതമാനവും കണ്ണൂരില്‍ 78.48 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തു. 

കേരളത്തിന് പുറമേ വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. അസമില്‍ 85.61 ശതമാനവും പുതുച്ചേരിയില്‍ 89.87 ശതമാനവുമാണ് പോളിംഗ്.