ബംഗളുരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ 15കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റ് സമീപത്ത് നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസമാണ് കണ്ടെത്തിയത്.
പോലീസ്, വനംവകുപ്പ്, ദുരന്തനിവാരണ സേന എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. ഡ്രോൺ ക്യാമറകളും വിന്യസിച്ചിരുന്നു. ബാബാ ബുഡാൻ ഗിരിക്ക് താഴെ ഹർഷന ഗുപ്പ എന്ന സ്ഥലത്ത്, ഏകദേശം 1500 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദ്യ ഘട്ടത്തിൽ വെള്ളച്ചാട്ടത്തിൽ വീണെന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പൊലീസ് ആ സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മറ്റു കുട്ടികളോടൊപ്പം ഫോട്ടോ എടുത്തശേഷമാണ് ശ്രീനന്ദ കാണാതായത്. സംഘം തിരിച്ചിറങ്ങുന്നതിനിടെ ഒരാളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.
40 അംഗ സംഘത്തോടൊപ്പം എത്തിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ അന്വേഷണ സംഘത്തെ സഹായിക്കാൻ സ്ഥലത്ത് തുടർന്നു.
ഇതിനിടെ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയെ കാണാതായ സമയത്ത് തന്നെ മൃതദേഹം കണ്ടെത്തിയ പ്രദേശം പരിശോധിച്ചിരുന്നുവെന്നും, അന്ന് കണ്ടെത്താനാകാത്ത മൃതദേഹം പിന്നീട് കണ്ടെത്തിയത് സംശയാസ്പദമാണെന്നും ബന്ധു ശശിധരൻ പറഞ്ഞു. മൃതദേഹത്തിന് ദിവസങ്ങളായ പഴക്കമില്ലെന്നും അദ്ദേഹം ആരോപിച്ചു.
വ്യൂപോയിന്റിൽ നിന്നാണ് ശ്രീനന്ദ കാണാതായത്. എന്നാൽ മൃതദേഹം കണ്ടെത്തിയത് മറുവശത്താണെന്നും, അവിടെ കുട്ടി പോയിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഒരു കടയുടെ സമീപത്തേക്കാണ് മണം എത്തിയതെന്നും, എന്നാൽ കടയുടമയെ ചോദ്യം ചെയ്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. പ്രദേശവാസികളിൽ നിന്ന് വിവരശേഖരണവും നടത്തിയിട്ടില്ലെന്നുമാണ് ആരോപണം.
പാലക്കാട് കടമ്പഴിപ്പുറം കൂത്തറ വീട്ടിൽ രമേഷിന്റെയും രോഹിണിയുടെയും മകളായ ശ്രീനന്ദ, ഈ മാസം 4നാണ് കുടുംബാംഗങ്ങൾ ഉൾപ്പെടെ 40 പേർ അടങ്ങിയ സംഘത്തോടൊപ്പം ബാബാബുഡാൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആവശ്യപ്പെട്ടു.
ചിക്കമഗളൂരുവിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം
