വാഷിങ്ടണ്‍: മധ്യപൂര്‍വേഷ്യയില്‍ യു എസിന്റെ സഖ്യരാജ്യങ്ങളായ ഇസ്രായേല്‍, ഖത്തര്‍, കുവൈത്ത്, യു എ ഇ എന്നിവയ്ക്ക് 8.6 ബില്യണ്‍ ഡോളറിലധികം വിലവരുന്ന സൈനിക ഉപകരണങ്ങള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കിയതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന് ഒമ്പത് ആഴ്ചകള്‍ പിന്നിടുകയും മൂന്ന് ആഴ്ചയ്ക്കുമുമ്പ് പ്രാബല്യത്തില്‍ വന്ന താത്ക്കാലിക വെടിനിര്‍ത്തല്‍ തുടരുകയും ചെയ്യുന്നതിനിടയിലാണ് ഈ പ്രഖ്യാപനം.
ഖത്തറിന് 4.01 ബില്യണ്‍ ഡോളര്‍ ചെലവില്‍ പാട്രിയറ്റ് എയര്‍ ആന്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പുനര്‍നിര്‍മ്മാണ സേവനങ്ങളും 992.4 മില്യണ്‍ ഡോളര്‍ ചെലവില്‍ ലേസര്‍ നിയന്ത്രിത ആയുധ കിറ്റായ അഡ്വാന്‍സ്ഡ് പ്രെസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസും വില്‍ക്കാന്‍ അനുമതി നല്‍കി.
കുവൈത്തിന് 2.5 ബില്യണ്‍ ഡോളര്‍ ചെലവിലുള്ള ഏകീകൃത യുദ്ധ കമാന്‍ഡ് സംവിധാനവും ഇസ്രായേലിന് 992.4 മില്യണ്‍ ഡോളര്‍ വിലയുള്ള അഡ്വാന്‍സ്ഡ് പ്രെസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസും അനുവദിച്ചു. യുഎഇയ്ക്ക് 147.6 മില്യണ്‍ ഡോളര്‍ വിലവരുന്ന അഡ്വാന്‍സ്ഡ് പ്രെസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസ് വില്‍പ്പനയ്ക്കാണ് അനുമതി.
ഖത്തര്‍, ഇസ്രായേല്‍, യു എ ഇ എന്നിവര്‍ക്കുള്ള അഡ്വാന്‍സ്ഡ് പ്രെസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസ് വിതരണത്തിലെ പ്രധാന കരാര്‍ സ്ഥാപനമായി ബി എ ഇ സിസ്റ്റംസ് പ്രവര്‍ത്തിക്കും. കുവൈത്തിനുള്ള യുദ്ധ കമാന്‍ഡ് സംവിധാനം, ഖത്തറിന് പാട്രിയറ്റ് പ്രതിരോധ സേവനങ്ങള്‍ എന്നിവയില്‍ ആര്‍ ടി എക്‌സ്, ലൊഖീദ് മാര്‍ട്ടിന്‍ എന്നിവയാണ് പ്രധാന കരാര്‍ കമ്പനികള്‍. കുവൈത്ത് ഇടപാടില്‍ നോര്‍ത്ത്‌റോപ് ഗ്രമ്മാനും പങ്കാളിയാണ്.
ഇറാനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ആയുധ ശേഖരത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് യൂറോപ്യന്‍ സഖ്യരാജ്യങ്ങള്‍ക്കുള്ള ആയുധ വിതരണം വൈകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധകാലത്ത് ഇറാനില്‍ നിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമെതിരെ നടന്നിരുന്നു.
ഇറാനില്‍ കൂടുതല്‍ സൈനിക നടപടികള്‍ക്ക് സാധ്യതയുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ മുന്നോട്ടുവച്ച പുതിയ യുദ്ധവിരാമ നിര്‍ദ്ദേശത്തില്‍ അദ്ദേഹം അസംതൃപ്തി പ്രകടിപ്പിച്ചു.
ഇറാന്റെ സൈനിക ശേഷി ദുര്‍ബലപ്പെടുത്തുന്നതിന് അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രായേല്‍ സൈനിക നീക്കങ്ങള്‍ നടത്തിയതെങ്കിലും ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുക, മിസൈല്‍ പദ്ധതി നശിപ്പിക്കുക, ഭരണകൂട മാറ്റത്തിന് സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളൊന്നും ഇതുവരെ കൈവരിച്ചിട്ടില്ല.
