സ്‌പൈഡർമാന്റെ 'വളർത്തച്ഛൻ' ഗെറി കോൺവേ അന്തരിച്ചു

സ്‌പൈഡർമാന്റെ 'വളർത്തച്ഛൻ' ഗെറി കോൺവേ അന്തരിച്ചു


സാൻഫ്രാൻസിസ്‌കോ: കോമിക് ലോകത്ത് സ്‌പൈഡർമാൻ കഥകളിലൂടെ പുതിയ വഴിത്തിരിവുകൾ സൃഷ്ടിച്ച പ്രശസ്ത എഴുത്തുകാരൻ ഗെറി കോൺവേ (73) അന്തരിച്ചു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനായി കാലിഫോർണിയയിലെ തൗസൻഡ് ഓക്‌സിലായിരുന്നു അന്ത്യം.

സ്‌പൈഡർമാൻ കഥാപാത്രത്തെ സൃഷ്ടിച്ചത് സ്റ്റാൻ ലീയും സ്റ്റീവ് ഡിറ്റ്‌കോയുമാണെങ്കിലും, അതിനെ കൂടുതൽ പക്വതയുള്ളതും വികാരസമ്പന്നവുമായ കഥാപാത്രമായി വളർത്തിയത് കോൺവേയാണെന്നാണ് വിലയിരുത്തൽ. സ്റ്റാൻ ലിക്ക് ശേഷം സ്‌പൈഡർമാൻ പരമ്പരയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാളായി കോൺവേ അറിയപ്പെടുന്നു.

വെറും 19ാം വയസിൽ തന്നെ മാർവൽ കോമിക്‌സ് പ്രസിദ്ധീകരിച്ച *The Amazing Spider-Man എഴുതാനുള്ള ചുമതല ഏറ്റെടുത്ത കോൺവേ, കോമിക് ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സൂപ്പർഹീറോ കഥകളിൽ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും ദുഃഖവും ഉൾപ്പെടുത്തിയതിലൂടെ പുതിയൊരു ട്രെൻഡ് സൃഷ്ടിച്ചു.

സ്‌പൈഡർമാന്റെ പ്രണയിനിയായ ഗ്വെൻ സ്റ്റേസിയുടെ മരണം അവതരിപ്പിച്ച ഠവല Night Gwen Stacy Died എന്ന കഥ, കോമിക് ലോകത്ത് വലിയ വഴിത്തിരിവായി. നായകന് പ്രിയപ്പെട്ടവരെ രക്ഷിക്കാൻ കഴിയാതെ പോകുന്ന സംഭവവികാസം വായനക്കാരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി.

ഇതുകൂടാതെ ദി പണിഷർ, ഫയര്‍‌സ്റ്റോം, പവർ ഗേൾ, ജേസൺ ടോഡ് തുടങ്ങിയ ശ്രദ്ധേയ കഥാപാത്രങ്ങൾക്കും കോൺവേയാണ് രൂപം നൽകിയിരിക്കുന്നത്.

മാർവലിലും ഡിസി കോമിക്സ്ലും ഒരുപോലെ സ്വാധീനം ചെലുത്തിയ കുറച്ച് എഴുത്തുകാരിൽ ഒരാളായിരുന്ന കോൺവേ, ബാറ്റ്മാൻ, സൂപ്പർമാൻ, ജസ്റ്റിസ് ലീഗ് തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയ സംഭാവനകൾ നൽകി. കൂടാതെ, ചരിത്രത്തിലാദ്യമായി സൂപ്പർമാനും സ്‌പൈഡർമാനും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട സൂപ്പർമാൻ  vs ദി അമേസിംഹ് സ്‌പൈഡർമാൻ (1976) രചിച്ചതും അദ്ദേഹമാണ്.

അസുഖബാധിതനായിരുന്നിട്ടും ആരാധകരെ കാണാൻ സമയം കണ്ടെത്തിയ കോൺവേ, ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഒപ്പുശേഖരണ ചടങ്ങിൽ വേദന സഹിച്ച് മണിക്കൂറുകളോളം പങ്കെടുത്തത് അദ്ദേഹത്തിന്റെ സമർപ്പണത്തിന് തെളിവായി. ഭാര്യ ലോറ കോൺവേ. രണ്ട് മക്കളുണ്ട്.