ന്യൂയോർക്ക്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ലിയോൺ ബോട്ട്സ്റ്റീൻ ബാർഡ് കോളേജ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിരമിക്കാൻ തീരുമാനിച്ചു. ജൂൺ അവസാനം സ്ഥാനമൊഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
അരനൂറ്റാണ്ടിലേറെയായി ന്യൂയോർക്കിലെ പ്രശസ്ത ലിബറൽ ആർട്‌സ് സ്ഥാപനമായ ബാർഡ് കോളേജ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ലുയോൺ ബോട്ട്സ്റ്റീൻ. സ്ഥാനമൊഴിയുന്നതായി കോളേജ് അധികൃതരെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ അധ്യാപകനായും സംഗീതജ്ഞനായും കോളേജിൽ തുടരുമെന്നും വ്യക്തമാക്കി.
എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയെന്ന ആരോപണമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ ബോട്ട്സ്റ്റീനും എപ്സ്റ്റീനും തമ്മിൽ നിരവധി കൂടിക്കാഴ്ചകൾ നടന്നതായി വ്യക്തമാക്കുന്നു. എപ്സ്റ്റീൻ പലതവണ ബാർഡ് കോളേജ് സന്ദർശിച്ചിരുന്നുവെന്നും, 2013ൽ നടന്ന കോളേജ് പരിപാടിയിലേക്ക് അതിഥിയായി ക്ഷണിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടാതെ, 2018ൽ എപ്സ്റ്റീനിനെതിരെ പുറത്ത് വന്ന അന്വേഷണ റിപ്പോർട്ടുകൾക്ക് ശേഷവും ഇരുവരും തമ്മിൽ ബന്ധം തുടരുകയുണ്ടായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ എപ്സ്റ്റീനുമായി വ്യക്തിപരമായ അടുപ്പമില്ലെന്നും കോളേജിന് ധനസഹായം കണ്ടെത്തുന്നതിനായാണ് ബന്ധം പുലർത്തിയതെന്നും ബോട്ട്സ്റ്റീൻ മുൻപ് വിശദീകരിച്ചിരുന്നു.
അതേസമയം, എപ്സ്റ്റീൻ ദ്വീപിൽ നടന്ന ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ബോട്ട്സ്റ്റീന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെന്നും വ്യക്തമാക്കപ്പെടുന്നു.
എപ്സ്റ്റീൻ ബന്ധം വിവാദമായി: ബാർഡ് കോളേജ് പ്രസിഡന്റ് ലിയോൺ ബോട്ട്സ്റ്റീൻ വിരമിക്കുന്നു
