ക്രമക്കേടെന്ന പരാതി; പശ്ചിമബംഗാളിൽ 15 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് തുടങ്ങി

ക്രമക്കേടെന്ന പരാതി; പശ്ചിമബംഗാളിൽ 15 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് തുടങ്ങി


കൊൽക്കത്ത: വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നതായി ആരോപണമുയർന്ന പശ്ചിമബംഗാളിലെ 15 പോളിംഗ് ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് ആരംഭിച്ചു. ഏപ്രിൽ 29ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ക്രമക്കേടുകൾ നടന്നതായി പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി.

ഇന്ന് രാവിലെ 7 മുതൽ ആരംഭിച്ച റീ പോളിംഗ് വൈകിട്ട് 6 നു അവസാനിക്കും. ഇതിൽ 11 ബൂത്തുകൾ മഗ്രഹാട് പശ്ചിം മണ്ഡലത്തിലാണുള്ളത്. ശേഷിക്കുന്ന നാല് ബൂത്തുകൾ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലാണ്.

ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ടുകളും ബിജെപി ഉയർത്തിയ പരാതികളും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഡയമണ്ട് ഹാർബർ മേഖലയിലെ ചില ഇടങ്ങളിൽ വോട്ടർമാർക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് പാർട്ടി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (EVM) ബട്ടണുകളിൽ കൃത്രിമം കാണിച്ചെന്ന പരാതികളും ഉയർന്നിരുന്നു.

ഇതിനു മുൻപ്, ഇവിഎംക്രമക്കേടുകൾ തെളിഞ്ഞാൽ റീപോളിംഗ് നടത്തുമെന്ന് പശ്ചിമബംഗാളിന്റെ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ അഗർവാൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചില പരാതികൾ ഗൗരവത്തോടെ പരിഗണിക്കപ്പെട്ടതോടെ വീണ്ടും വോട്ടെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്തെ മുഴുവൻ ഘട്ട വോട്ടെടുപ്പും ഏപ്രിൽ 29ന് പൂർത്തിയായി. വോട്ടെണ്ണൽ മേയ് 4ന് നടക്കും.