ന്യൂഡൽഹി: രാജ്യത്തുടനീളം നിരവധി ആളുകൾക്ക് ശനിയാഴ്ച (മേയ് 2) മൊബൈൽ ഫോണുകളിൽ 'Etxremely Severe Alert' എന്ന അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചതോടെ ആശങ്ക ഉയർന്നു. എന്നാൽ ഇത് ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
സന്ദേശത്തോടൊപ്പം ഫോൺ വൈബ്രേഷൻയും വലിയ ശബ്ദവും ഉണ്ടായതും പലരെയും ആശങ്കപ്പെടുത്തി. എന്നാൽ ഇത് യഥാർത്ഥ അപകട മുന്നറിയിപ്പ് അല്ലെന്നും, പരീക്ഷണ സന്ദേശമാണെന്നും അധികൃതർ വ്യക്തമാക്കി. 'ഈ സന്ദേശം ലഭിച്ചാൽ ഭയപ്പെടേണ്ടതില്ല, യാതൊരു നടപടിയും ആവശ്യമായിട്ടില്ല' എന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിരുന്നത്.
ദുരന്തസമയങ്ങളിൽ ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ സ്വരാജ്യ സാങ്കേതിക വിദ്യ ഉപയോഗിച്ച് 'സെൽ ബ്രോഡ്കാസ്റ്റ്' സേവനം ആരംഭിച്ചതിന്റെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയത്. പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് ഉടൻ എത്തിക്കാൻ ഈ സംവിധാനം സഹായകരമാകും.
ഇതിന് മുന്നോടിയായി, ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഭയപ്പെടരുതെന്നും അവ പരീക്ഷണത്തിന്റെ ഭാഗമാണെന്നും കേന്ദ്ര സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. പരീക്ഷണ ഘട്ടത്തിൽ ഒരേ സന്ദേശം പലവട്ടം ലഭിക്കാമെന്നും അത് അവഗണിക്കാമെന്നും സർക്കാർ അറിയിച്ചു.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തെ അടിയന്തര ആശയവിനിമയ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന നീക്കമാണിത് എന്നും വ്യക്തമാക്കി. ദുരന്തസമയങ്ങളിൽ സമയബന്ധിതമായ വിവര കൈമാറ്റം ഉറപ്പാക്കുക എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
ഇന്ത്യക്കാരുടെ മൊബൈലിൽ 'അതി ഗുരുതര മുന്നറിയിപ്പ്' സന്ദേശം: ഭയപ്പെടേണ്ട, പരീക്ഷണത്തിന്റെ ഭാഗമെന്ന് കേന്ദ്ര സർക്കാർ
