വീട്ടിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ കേസ് : രാജിവച്ച ജസ്റ്റിസ് യശ്വന്ത് വർമ്മക്ക് പെൻഷൻ ലഭിച്ചേക്കുമെന്ന് നിയമ വിദഗ്ധർ

വീട്ടിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ കേസ് : രാജിവച്ച ജസ്റ്റിസ് യശ്വന്ത് വർമ്മക്ക് പെൻഷൻ ലഭിച്ചേക്കുമെന്ന് നിയമ വിദഗ്ധർ


ന്യൂഡൽഹി: തീപിടിത്തതിനിടയിൽ വീട്ടിൽ നിന്ന് വലിയ തോതിൽ പണം കണ്ടെത്തിയ കേസിൽ വിവാദത്തിലായ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചതോടെ അദ്ദേഹത്തെ നീക്കാനുള്ള നടപടികൾ അവസാനിക്കുമെന്ന് ലോക്‌സഭാ വൃത്തങ്ങൾ അറിയിച്ചു. ലോക്‌സഭ സ്പീക്കർ ഓംബിർള നിയോഗിച്ച സമിതിയാണ് ജഡ്ജിക്കെതിരെ അന്വേഷണം നടത്തി വന്നിരുന്നത്.

രാജി അംഗീകരിക്കപ്പെട്ടാൽ, ഒരു ഹൈക്കോടതി ജഡ്ജി വിരമിക്കുപ്പോൾ ലഭിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജസ്റ്റിസ് വർമ്മക്ക് ലഭിക്കാനിടയുണ്ടെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. പാർലമെന്റ് വഴി നീക്കം ചെയ്യപ്പെട്ടിരുന്നെങ്കിൽ ഈ ആനുകൂല്യങ്ങൾ നഷ്ടമായേനെയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

1954ലെ ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളവും സേവന നിബന്ധനകളും സംബന്ധിച്ച നിയമപ്രകാരം, ജഡ്ജിയുടെ 'രാജി' വിരമിക്കൽ ആയി കണക്കാക്കാമെന്ന നിലപാട് പല ഹൈക്കോടതികളും സ്വീകരിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷക അക്കാങ്ക്ഷ റായ് വ്യക്തമാക്കി. ഇതേ നിലപാട് സുപ്രീം കോടതിയും അംഗീകരിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

അഴിമതി ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഏപ്രിൽ 10 മുതൽ 14 വരെ സമയമനുവദിച്ചിരുന്ന ദിവസത്തിലാണ് ജസ്റ്റിസ് വർമ്മ രാജിവച്ചത്. മാർച്ചിൽ പ്രോസിക്യൂഷൻ അവരുടെ വാദങ്ങൾ സമർപ്പിച്ചിരുന്നു.

2025 മാർച്ച് 14ന് ലൂട്ട്യൻസ് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് വലിയ തോതിൽ പണം കണ്ടെത്തിയത്. അന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം, വീട്ടിൽ നിന്ന് കണ്ടെടുത്ത പണവുമായി തനിക്കോ കുടുംബാംഗങ്ങൾക്കോ ബന്ധമില്ലെന്നാണ് പറഞ്ഞിരുന്നത്.

സംഭവത്തെ തുടർന്ന് സുപ്രീം കോടതി അദ്ദേഹത്തിന്റെ ന്യായവ്യവഹാര ചുമതലകളിൽ നിന്ന് പിൻവലിക്കുകയും, മാതൃ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അവിടെ അദ്ദേഹത്തിന് ജുഡീഷ്യൽ ജോലികൾ നൽകേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസിനോട് നിർദേശവും നൽകിയിരുന്നു.

ഇപ്പോൾ രാജിയോടെ അന്വേഷണം അവസാനിക്കുമ്പോൾ, നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കുമോയെന്നതാണ് പ്രധാന ചർച്ചയായിരിക്കുന്നത്.