ഭോപ്പാല്‍: കുംഭമേളയില്‍ മാല വില്‍പ്പനയ്‌ക്കെത്തി ശ്രദ്ധാകേന്ദ്രമായി മാറിയ പെണ്‍കുട്ടി കേരളത്തിലെത്തി വിവാഹിതയായതിന് പിന്നാലെ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് മധ്യപ്രദേശ് പൊലീസാണ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്.
ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുകയായിരുന്നുവെന്നും 2009 ഡിസംബര്‍ 30നാണ് പെണ്‍കുട്ടി ജനിച്ചതെന്നുമാണ് കമീഷന്‍ പറയുന്നത്. എന്നാല്‍ വിവാഹം നിയമപരമാണെന്നാണ് തമ്പാനൂര്‍ പൊലീസ് വ്യക്തമാക്കിയത്.
തിരുവനന്തപുരം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും വിവാഹിതരായത്. നിര്‍ബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാന്‍ അച്ഛന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി പൂവാറിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് പെണ്‍കുട്ടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനിനിലാണ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മഹേശ്വര്‍ ഹോസ്പിറ്റല്‍ റെക്കോര്‍ഡുകള്‍ പ്രകാരം 2009 ഡിസംബര്‍ 30നാണ് ജനിച്ചതെന്നാണ് കണ്ടെത്തിയത്. 2026 മാര്‍ച്ച് 11ന് കേരളത്തില്‍ വിവാഹം നടക്കുമ്പോള്‍ 16 വയസായിരുന്നു പ്രായം.
പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായി കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ രേഖ റദ്ദാക്കാന്‍ ഉത്തരവിട്ടു. വിവാഹം നടന്ന ക്ഷേത്ര അധികൃതര്‍ ദമ്പതികള്‍ നല്‍കിയ ആധാര്‍ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
വധുവിന്റെ ഗോത്ര പശ്ചാത്തലം പരിഗണിച്ച് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമത്തിന് പുറമെ ഭാരതീയ ന്യായ സംഹിത, എസ് സി/ എസ് ടി പീഡന വിരുദ്ധ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഈ സംഭവത്തിന് പിന്നില്‍ ചില സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിലെയും മധ്യപ്രദേശിലെയും ഡി ജി പിമാരോട് ഏപ്രില്‍ 22ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഓരോ മൂന്ന് ദിവസത്തിലും കേസിലെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരുടെ വിവാഹത്തില്‍ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എം പി തുടങ്ങിയവര്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.
