പാക്കിസ്ഥാനിലെ ചര്‍ച്ചയില്‍ കരാര്‍ ഉണ്ടായില്ലെങ്കില്‍ ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ട്രംപ്

പാക്കിസ്ഥാനിലെ ചര്‍ച്ചയില്‍ കരാര്‍ ഉണ്ടായില്ലെങ്കില്‍ ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ട്രംപ്


വാഷിംഗ്ടണ്‍: യു എസ് യുദ്ധക്കപ്പലുകളില്‍ ഏറ്റവും മികച്ച ആയുധങ്ങള്‍ നിറയ്ക്കുന്നുണ്ടെന്നും പാകിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം പുന:രാരംഭിക്കാന്‍ തയ്യാറാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും ശക്തമായ പുനഃസജ്ജീകരണം എന്നാണ് നേരത്തെ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. 

ഏകദേശം 24 മണിക്കൂറിനുള്ളില്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കാമെന്നും ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇസ്ലാമാബാദിലേക്ക് പോയതിനുശേഷം ട്രംപ് പറഞ്ഞു.

യുദ്ധത്തിനു മുമ്പുള്ള ചര്‍ച്ചകളില്‍ ഇറാന് യുറേനിയം സമ്പുഷ്ടമാക്കാനുള്ള അനിഷേധ്യമായ അവകാശമുണ്ടെന്ന് വാദിച്ച വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും ഇറാനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

കുഴിച്ചിട്ടിരിക്കുന്ന ഏകദേശം ആയിരം പൗണ്ട് സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ കൈമാറണമെന്നും ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വീണ്ടും തുറക്കുന്നത് തുടരണമെന്നും ചര്‍ച്ചയില്‍ യു എസ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

കപ്പലുകളുടെ സ്വതന്ത്രമായ സഞ്ചാരത്തിന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് നിര്‍ണായക ഘടകമാണെന്ന് ട്രംപ് വ്യക്തമാക്കി.