ഇറാനുമായി 'കരാർ ഇല്ലെങ്കിൽ ആക്രമണം': ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഇസ്ലാമാബാദിൽ നിർണായക ചർച്ചകൾ

ഇറാനുമായി 'കരാർ ഇല്ലെങ്കിൽ ആക്രമണം': ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഇസ്ലാമാബാദിൽ നിർണായക ചർച്ചകൾ


വാഷിംഗ്ടൺ/ ഇസ്ലാമാബാദ്:    ഇറാനുമായി നടക്കുന്ന നിർണായക ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിലെ ഇസ്ലാമാബാദ് നഗരത്തിൽ നടക്കുന്ന ചർച്ചകൾ ഫലം കാണാത്ത പക്ഷം ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

അമേരിക്കൻ യുദ്ധക്കപ്പലുകൾ ശക്തമായ ആയുധങ്ങളാൽ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണെന്നും, കരാർ നടക്കാത്ത പക്ഷം അവ 'വളരെ ഫലപ്രദമായി' ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ അന്താരാഷ്ട്ര കടൽപാതകളെ സമ്മർദ്ദത്തിന് ഉപയോഗിക്കുന്നുവെന്നാരോപിച്ച ട്രംപ്, 'ഇപ്പോൾ അവർക്ക് ചർച്ച ചെയ്യുന്നതല്ലാതെ മറ്റൊരു വഴിയില്ല' എന്നും കൂട്ടിച്ചേർത്തു.

ഇതിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇറാൻ പ്രതിനിധികളുമായി ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് പോയിട്ടുണ്ട്. ചർച്ചകൾ നല്ല രീതിയിൽ മുന്നേറും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും, അമേരിക്കയെ 'കളിയാക്കാൻ' ശ്രമിച്ചാൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ലെബനോണിലെ വെടിനിർത്തലും ഇറാന്റെ നിക്ഷേപങ്ങൾ മോചിപ്പിക്കുന്നതും ഉൾപ്പെട്ട രണ്ട് പ്രധാന വിഷയങ്ങൾനിറവേറ്റാതെ ചർച്ചകൾക്ക് അർത്ഥമില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ  മൊഹമ്മദ് ബാഗർ ഖാലിഫാഫ് വ്യക്തമാക്കി.

ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ചർച്ചകൾ നടക്കുന്നത്. ലെബനോണിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ചർച്ചകൾ മുന്നോട്ടുപോകില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന എണ്ണവ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിലും വലിയ കുറവുണ്ടായി. മുൻപ് ദിവസേന നൂറിലധികം കപ്പലുകൾ സഞ്ചരിച്ചിരുന്നിടത്ത് ഇപ്പോൾ വളരെ കുറച്ച് കപ്പലുകൾ മാത്രമാണ് കടന്നുപോകുന്നത്. ഇതിനെതിരെ അസംതൃപ്തി പ്രകടിപ്പിച്ച ട്രംപ്  ഇറാൻ കരാർ ലംഘിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.

ചർച്ചകളുമായി ബന്ധപ്പെട്ട തുടർന്ന് ഇസ്ലാമാബാദ് നഗരത്തിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡുകൾ അടച്ചിട്ടും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയുമാണ് സുരക്ഷ ഉറപ്പാക്കുന്നത്.