ഹോര്‍മുസില്‍ ശത്രുതാപരമായ നീക്കം നടത്തിയാല്‍ എതിരാളിയെ പ്രതിസന്ധിയിലാക്കുമെന്ന് ഇറാന്‍

ഹോര്‍മുസില്‍ ശത്രുതാപരമായ നീക്കം നടത്തിയാല്‍ എതിരാളിയെ പ്രതിസന്ധിയിലാക്കുമെന്ന് ഇറാന്‍


തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലെ ഏതൊരു ശത്രുതാപരമായ നീക്കവും എതിരാളികളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ മുന്നറിയിപ്പ്. ഇറാന്‍- യു എസ് ചര്‍ച്ചയില്‍ പുരോഗതിയില്ലാതായതോടെ ഹോര്‍മുസില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിക്കു പിന്നാലെയാണ് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയത്. 

എക്‌സില്‍ പോസ്റ്റ് ചെയ്ത പേര്‍ഷ്യന്‍ ഭാഷയിലുള്ള  പ്രസ്താവനയില്‍ ഗാര്‍ഡ്‌സിന്റെ നാവിക കമാന്‍ഡ് ഇറാനിയന്‍ സേനയ്ക്ക് തന്ത്രപ്രധാനമായ ജലപാതയുടെ പൂര്‍ണ്ണ മേല്‍നോട്ടം ഉണ്ടെന്നും വ്യക്തമാക്കി. 

സായുധ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതങ്ങളെല്ലാമെന്ന് പ്രസ്താവനയില്‍ പറയുന്നു. ശത്രു തെറ്റായ നീക്കം നടത്തിയാല്‍ കടലിടുക്കിലെ മാരകമായ ചുഴലിക്കാറ്റില്‍ കുടുങ്ങുമെന്നും പറയുന്ന പ്രസ്താവനയില്‍ സിമുലേറ്റഡ് ക്രോസ്ഹെയറുകളില്‍ ലക്ഷ്യമിടുന്ന കപ്പലുകളുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച അമേരിക്കന്‍ നാവികസേന ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുന്ന പ്രക്രിയ ആരംഭിക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞത്. മാത്രമല്ല തങ്ങള്‍ക്ക് നേരെയോ സമാധാനപരമായ കപ്പലുകള്‍ക്ക് നേരെയോ വെടിയുതിര്‍ക്കുന്ന ഏതൊരു ഇറാനിയനെയും നരകത്തിലേക്ക് തള്ളിവിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ചര്‍ച്ചകള്‍ 'നന്നായി' നടന്നുവെന്നും 'മിക്ക കാര്യങ്ങളും അംഗീകരിച്ചു'വെന്നും പറഞ്ഞ ട്രംപ് തെഹ്റാന്‍ ആണവ പദ്ധതിയില്‍ 'വഴങ്ങുന്നില്ല' എന്നും പ്രതീക്ഷിച്ചതുപോലെ കടലിടുക്ക് വീണ്ടും തുറക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആരോപിക്കുകയും ചെയ്തു. 

തെഹ്റാനെ സൈനികമായി പിന്തുണയ്ക്കുന്നതിനെതിരെ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി യു എസ് പ്രസിഡന്റ് സമ്മര്‍ദ്ദം കൂടുതല്‍ വര്‍ധിപ്പിച്ചിരുന്നു. ചൈന അത്തരത്തില്‍ പെരുമാറിയെന്ന് തിരിച്ചറിഞ്ഞാല്‍ 50 ശതമാനം തീരുവ ചുമത്തുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.