ഖമെനെയിയുടെ 'ചെഹ്‌ലും' ഇന്ത്യയിൽ ആചരിച്ചു: ഔദ്യോഗിക ബഹുമതി നൽകി സർക്കാർ പ്രതിനിധികൾ

ഖമെനെയിയുടെ 'ചെഹ്‌ലും' ഇന്ത്യയിൽ ആചരിച്ചു: ഔദ്യോഗിക ബഹുമതി നൽകി സർക്കാർ പ്രതിനിധികൾ


ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമെനെയിയുടെ മരണാനന്തര 40ാം ദിവസത്തെ അനുസ്മരണച്ചടങ്ങായ 'ചെഹ്‌ലും' ഇന്ത്യയിൽ ആചരിച്ചു. ന്യൂഡൽഹിയിലെ ഇറാനിയൻ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രിയായ പ്രബിത മാർഗെരിറ്റ പങ്കെടുത്തു. ഇന്ത്യ-ഇറാൻ ബന്ധങ്ങൾ സാംസ്‌കാരികവും ജനതാതലത്തിലുള്ള ബന്ധങ്ങളുമായി ദൃഢമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

പരിപാടിയിൽ ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വിയും പങ്കെടുത്തു. മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ച ആത്മീയ നേതാവിന് വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ ആദരാഞ്ജലി അർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ലോകത്ത് സംഘർഷങ്ങൾ പരിഹരിക്കാൻ സംവാദമാണ് ഏക മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധിയായ അബ്ദുൾ മാജിദ് ഹക്കീം ഇലാഹി  ഖമേനെയുടെ സേവനങ്ങളെ അനുസ്മരിച്ചു. ഇന്ത്യയും ഇന്ത്യൻ ജനതയും കാണിച്ച ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി. നീതിക്ക് അതിരുകളില്ലെന്നും സത്യത്തിന് വേണ്ടി എല്ലായിടത്തും മനുഷ്യർ ഒരുമിക്കുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇതിനിടെ ടെഹ്രാൻ ഉൾപ്പെടെ ഇറാനിലെ വിവിധ നഗരങ്ങളിൽ വൻ അനുസ്മരണ റാലികളും സംഘടിപ്പിച്ചു. പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമെനെയി പ്രധാന ചടങ്ങിൽ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ അടക്കമുള്ള ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ഫെബ്രുവരി 28ന് നടന്ന അമേരിക്ക-ഇസ്രായേൽ സംയുക്താക്രമണത്തിലാണ് ഖമെനെയി കൊല്ലപ്പെട്ടത്. മാർച്ച് 1ന് ഇറാൻ സർക്കാർ ഔദ്യോഗികമായി മരണവാർത്ത സ്ഥിരീകരിച്ചിരുന്നു.