ഹോര്‍മുസ് അടച്ചിടല്‍ ശത്രുക്കള്‍ക്കെതിരെയുള്ള സമ്മര്‍ദ്ദത്തിലെ പ്രധാന ഉപാധി: മൊജ്തബ ഖംനെയി

ഹോര്‍മുസ് അടച്ചിടല്‍ ശത്രുക്കള്‍ക്കെതിരെയുള്ള സമ്മര്‍ദ്ദത്തിലെ പ്രധാന ഉപാധി: മൊജ്തബ ഖംനെയി


തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് അടച്ചിടല്‍ ശത്രുരാജ്യങ്ങള്‍ക്കെതിരെ സമ്മര്‍ദ്ദം ചെലുത്താനുള്ള പ്രധാന ഉപാധിയായി തുടരണമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖംനെയി പ്രസ്താവിച്ചു. സര്‍ക്കാര്‍ ടെലിവിഷനിലൂടെ വായിച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കെതിരായ ആക്രമണങ്ങള്‍ അയല്‍രാജ്യങ്ങളിലെ ചില അമേരിക്കന്‍ സൈനിക താവളങ്ങളില്‍ നിന്നാണ് നടന്നതെന്ന് ഇറാന്‍ ആരോപിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള യുദ്ധസാഹചര്യം അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കരുതെന്ന് ഖംനെയി വ്യക്തമാക്കി. ദേശീയ ഐക്യം ഉറപ്പാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തതോടൊപ്പം ഖുദ്‌സ് ഡേ പരിപാടികളില്‍ വ്യാപകമായി പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു.

മിഡില്‍ ഈസ്റ്റ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും ഉടന്‍ അടച്ചുപൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത്തരം താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും ഖംനെയി പറഞ്ഞു.

ഇറാന്‍ അയല്‍രാജ്യങ്ങളുമായി സൗഹൃദബന്ധം നിലനിര്‍ത്തുന്നതില്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ പ്രതികാര നടപടികള്‍ പ്രധാനമായും ആ സൈനിക താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും നടക്കുക എന്നും ഈ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്തസാക്ഷികളായ ഇറാനിയന്‍ പൗരന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതില്‍ ഇറാന്‍ പിന്നോട്ടില്ലെന്നും ഖമെനെയി പറഞ്ഞു.

സമീപകാല സംഭവവികാസങ്ങളില്‍ ഇറാനിയന്‍ ജനത കാണിച്ച ധൈര്യവും ദീര്‍ഘദൃഷ്ടിയും ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളെ ആകര്‍ഷിക്കുകയും ശത്രുക്കളെ വിസ്മയിപ്പിക്കുകയും ചെയ്തതാണ് ഇറാനിയന്‍ ജനതയുടെ നിലപാട്. രാജ്യത്തെ നയിക്കുകയും അതിന്റെ അധികാരം ഉറപ്പാക്കുകയും ചെയ്തത് ജനങ്ങളാണെന്നും സന്ദേശത്തില്‍ പറഞ്ഞു. ഇതേ സന്ദേശം അദ്ദേഹത്തിന്റെ പുതിയ എക്‌സ് അക്കൗണ്ടിലൂടെയും പ്രസിദ്ധീകരിച്ചു.