മിഷിഗണിൽ സിനഗോഗ് ആക്രമണംയുഹൂദ സമൂഹത്തെ ലക്ഷ്യമിട്ടെന്ന് എഫ്ബിഐ

മിഷിഗണിൽ സിനഗോഗ് ആക്രമണംയുഹൂദ സമൂഹത്തെ ലക്ഷ്യമിട്ടെന്ന് എഫ്ബിഐ


വെസ്റ്റ് ബ്ലൂംഫീൽഡ്:  അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തിലെ വെസ്റ്റ് ബ്ലൂംഫീൽഡിലുള്ള ടെമ്പിൾ ഇസ്രായേൽ സിനഗോഗിൽ ഉണ്ടായ ആക്രമണം യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട അക്രമമാണെന്ന് എഫ്ബിഐ അറിയിച്ചു.

സംഭവത്തിനിടെ സിനഗോഗിൽ വലിയ തീപിടിത്തമുണ്ടായി. രക്ഷാപ്രവർത്തനത്തിനായി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ച പൊലീസുകാരിൽ കുറഞ്ഞത് 30 പേർക്ക് പുക ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകേണ്ടിവന്നു.
 വിവിധ ഏജൻസികളിൽ നിന്നുള്ള പൊലീസും സ്വാറ്റ് സംഘവും ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി ഓക്‌ലൻഡ് കൗണ്ടി ഷെരിഫ്  മൈക്കൽ ബോഷാഡ് പറഞ്ഞു.

 ആക്രമണം 'യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട അക്രമം' എന്നാണ് ഡെട്രോയിറ്റ് ഓഫീസിന്റെ ചുമതലയുള്ള എഫ്ബിഐ സ്‌പെഷ്യൽ ഏജന്റ്  ജനിഫർ റുന്യാൻ വിശേഷിപ്പിച്ചത്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് 100ലധികം ഏജന്റുമാരെയും വിദഗ്ധ സംഘങ്ങളെയും അന്വേഷണത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് എഫ്ബിഐ അറിയിച്ചു. ബോംബ് വിദഗ്ധരും ആയുധനാശന വിഭാഗവും അന്വേഷണത്തിൽ പങ്കെടുത്തിട്ടുണ്ട്.

സംഭവത്തെ 'ദുരന്തകരം' എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മിഷിഗണിലെ യഹൂദ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

അതേസമയം, സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഇസ്രയേൽ വിദേശകാര്യ മന്ത്രി  ഗിഡിയോൺ സാർ പ്രതികരിച്ചു. ഇസ്രയേൽ പ്രസിഡന്റ്  ഐസക് ഹെർസോഗ്  ഡെട്രോയിറ്റിലെ യഹൂദ നേതാക്കളുമായി ബന്ധപ്പെട്ടു പിന്തുണ അറിയിച്ചതായും അറിയിച്ചു.

അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോയം ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസി ഉദ്യോഗസ്ഥരും സ്ഥലത്ത് അന്വേഷണം തുടരുകയാണ്.