കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍

കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍


കാലിഫോര്‍ണിയ:  യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിന് അപ്രതീക്ഷിതമായി പിന്തുണ പ്രഖ്യാപിച്ച് ടെര്‍മിനേറ്റര്‍'' താരവും മുന്‍ ബോഡിബില്‍ഡറും കാലിഫോര്‍ണിയയിലെ മുന്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍.

റിപ്പബ്ലിക്കന്‍ അനുകൂലിയായ ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ 2003 മുതല്‍ 2011 വരെ കാലിഫോര്‍ണിയയുടെ 38-ാമത്തെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്രംപിനോടുള്ള താല്പര്യക്കുറവും അദ്ദേഹത്തിന്റെ മോശം വാക്കുകളുമാണ് കമലഹാരിസിനെ പിന്തുണക്കുന്നതിന് പ്രേരിപ്പിച്ചതെന്ന്  അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളോടും തനിക്ക് പ്രശ്‌നമുണ്ടെന്നും രാഷ്ട്രീയം വെറുക്കുന്നുവെന്നും എഴുതിയ അദ്ദേഹം

'റിപ്പബ്ലിക്കന്‍ ആകുന്നതിന് മുമ്പ് താന്‍ എല്ലായ്‌പ്പോഴും ഒരു അമേരിക്കക്കാരനായിരിക്കുമെന്നും അതുകൊണ്ടാണ്, ഈ ആഴ്ച കമല ഹാരിസിനും ടിം വാള്‍സിനും വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം എഴുതി.

'ഞാന്‍ ഇത് നിങ്ങളെല്ലാവരോടും പങ്കിടുന്നതിനു കാരണം നിങ്ങളില്‍ പലരും എന്നെപ്പോലെ ചിന്തിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ നമ്മുടെ രാജ്യത്തെ തിരിച്ചറിയുന്നില്ല. നിങ്ങള്‍ ദേഷ്യപ്പെടുന്നത് ശരിയാണ്. പതിറ്റാണ്ടുകളായി നമ്മള്‍ ദേശീയ കടത്തെക്കുറിച്ച് സംസാരിക്കുന്നു. പതിറ്റാണ്ടുകളായി, നമ്മുടെ തകര്‍ന്ന ഇമിഗ്രേഷന്‍ സംവിധാനം ശരിയാക്കുമ്പോള്‍ അതിര്‍ത്തി സുരക്ഷിതമാക്കുന്ന സമഗ്ര കുടിയേറ്റ പരിഷ്‌കരണത്തെക്കുറിച്ച് നമ്മള്‍ സംസാരിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഒന്നും ചെയ്യുന്നില്ല.

യുഎസിലെ ഏറ്റവും ജനസാന്ദ്രതയുള്ള കാലിഫോര്‍ണിയ സംസ്ഥാന ഗവര്‍ണറായി രണ്ട് ടേം പൂര്‍ത്തിയാക്കി 2011-ല്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം, ഷ്വാര്‍സെനെഗര്‍ പരിസ്ഥിതി പ്രശ്നങ്ങള്‍, ചെറുകിട ബിസിനസുകള്‍, കുടിയേറ്റ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.

2021 ജനുവരി 6 ന്, ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റല്‍ കലാപത്തെ തുടര്‍ന്ന് ട്രംപിനെ ''പരാജയപ്പെട്ട നേതാവ്'' എന്നും ''ചരിത്രത്തിലെ എക്കാലത്തെയും മോശം പ്രസിഡന്റ്.' എന്നും ഷ്വാര്‍സെനെഗര്‍ വിശേഷിപ്പിച്ചിരുന്നു.

''ഇപ്പോള്‍ ഒരു പാര്‍ട്ടിയെയും ഇഷ്ടപ്പെടുന്നില്ല'' എന്ന് ബുധനാഴ്ച അദ്ദേഹം പറഞ്ഞു.

''എന്റെ റിപ്പബ്ലിക്കന്‍മാര്‍ സ്വതന്ത്ര വിപണിയുടെ സൗന്ദര്യം മറന്നു, ധനകമ്മി വര്‍ദ്ധിപ്പിക്കുകയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അംഗീകരിക്കാതെ കലാപം ഉണ്ടാക്കുകയും ചെയ്തു,'' അദ്ദേഹം പറഞ്ഞു.

''ഡെമോക്രാറ്റുകള്‍ക്ക് ധനകമ്മി കൈകാര്യം ചെയ്യാന്‍ അറിയില്ല, വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളാല്‍ നമ്മുടെ നഗരങ്ങളെ വേദനിപ്പിക്കുന്ന അവരുടെ പ്രാദേശിക നയങ്ങളെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നു.''

എങ്കിലും ട്രംപ് വിജയിച്ചാല്‍ നമ്മള്‍ കൂടുതല്‍ രോഷാകുലരും ദേഷ്യക്കാരും, കൂടുതല്‍ വിഭജിക്കുന്നവരും, കൂടുതല്‍ വെറുക്കുന്നവരും ആയി ത്തീരും. കൂടാതെ നാല് വര്‍ഷത്തെ ഭരണം വെറും ബുള്‍ഷിറ്റും ആയിരിക്കും അദ്ദേഹം പറഞ്ഞു.