ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ എയര്‍ ഇന്ത്യയ്ക്കും ബോയിങ്ങിനും എതിരെ യു എസ്, യു കെ കോടതികളില്‍ കേസ് ഫയല്‍ ചെയ്തേക്കും. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കാനാണ് കേസ് ഉദ്ദേശിക്കുന്നത്.
യാത്രക്കാരില്‍ 52 പേര്‍ യു കെ പൗരന്മാരായിരുന്നു. ഇരകളുടെ കുടുംബങ്ങള്‍ രണ്ട് അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യു കെ ആസ്ഥാനമായ കീസ്റ്റോണ്‍ ലോ, യു എസ് ആസ്ഥാനമായ വിസ്നര്‍ ലോ എന്നീ രണ്ട് നിയമസ്ഥാപനങ്ങളുമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട ബോയിങ്ങ് 787 ഡ്രീംലൈനറാണ് പറന്നുയര്‍ന്നു നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും അപകടത്തില്‍ മരിച്ചു. ഇവര്‍ക്കു പുറമെ വിമാനത്താവളത്തിന്റെ പരിസരത്തുണ്ടായിരുന്ന 19 പേരും മരിച്ചിരുന്നു.