മെഗാബില്‍ പാസായാല്‍ പുതിയ പാര്‍ട്ടിരൂപീകരിക്കുമെന്ന് മസ്‌ക്; അധികം കളിച്ചാല്‍ കച്ചവടംപൂട്ടി ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമെന്ന് ട്രംപ്

മെഗാബില്‍ പാസായാല്‍ പുതിയ പാര്‍ട്ടിരൂപീകരിക്കുമെന്ന് മസ്‌ക്; അധികം കളിച്ചാല്‍ കച്ചവടംപൂട്ടി ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'വലിയ, മനോഹരമായ ബില്‍' കോണ്‍ഗ്രസ് പാസാക്കിയാല്‍ മൂന്നാമതൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച്  എലോണ്‍ മസ്‌ക്. എന്നാല്‍ അധികം മുന്നോട്ടുപോയാല്‍ അമേരിക്കയിലെ ബിസിനസ് പൂട്ടി സ്വന്തം രാജ്യമായ ദക്ഷിണാഫ്രിക്കയിലേക്ക് ടെസ്‌ല സിഇഒ മസ്‌കിന് മടങ്ങേണ്ടിവരുമെന്ന് തിരിച്ചടിച്ച് ട്രംപ്.

ബില്‍പാസാക്കിയാല്‍ തൊട്ടടുത്ത ദിവസം തന്റെ 'അമേരിക്കന്‍ പാര്‍ട്ടി രൂപീകരിക്കും' എന്നാണ് തിങ്കളാഴ്ച എക്‌സില്‍ മസ്‌ക് പറഞ്ഞത്. ബില്ല് 'ഭ്രാന്തമായതാണെന്ന് മസ്‌ക് വിശേഷിപ്പിച്ചു.

'നമ്മുടെ രാജ്യത്തിന് ഡെമോക്രാറ്റിക്‌റിപ്പബ്ലിക്കന്‍ യൂണിപാര്‍ട്ടിക്ക് പകരം ഒരു ബദല്‍ ആവശ്യമാണ്, അതുവഴി ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു ശബ്ദം ലഭിക്കും- അദ്ദേഹം തുടര്‍ന്നു.

'ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി'ല്‍ ഇടഞ്ഞുനില്‍ക്കുന്ന ടെസ്ല സിഇഒയും അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) മുന്‍ മേധാവിയുമായ ഇലോണ്‍ മസ്‌കിനെതിരേ പ്രസിഡന്റ്  ട്രംപും ആഞ്ഞടിച്ചു.

സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാതെ മസ്‌കിന്റെ ബിസിനസ് സാമ്രാജ്യം നിലനില്‍ക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഫെഡറല്‍ പിന്തുണ പിന്‍വലിച്ചാല്‍ മസ്‌ക് ഒരുപക്ഷെ കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ തുറന്നടിച്ചു.

'പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ ശക്തമായി പിന്തുണയ്ക്കുന്നതിന് വളരെ മുമ്പുതന്നെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനോടുള്ള എന്റെ എതിര്‍പ്പ് ശക്തമാക്കിയിരുന്നു. ഇക്കാര്യം മസ്‌കിന് അറിയാമായിരുന്നു. അത്തരം ഒരു കാര്യം പരിഹാസ്യമായിരുന്നു, ഇക്കാര്യം എന്റെ പ്രചാരണത്തില്‍ പ്രധാന ഭാഗംതന്നെയായിരുന്നു. ഇലക്ട്രിക് കാറുകള്‍ നല്ലതാണ്. എന്നാല്‍ അത് എല്ലാവരും സ്വന്തമാക്കണമെന്ന് നിര്‍ബന്ധിക്കാനാകില്ല. യുഎസ് ചരിത്രത്തില്‍ മറ്റേതൊരു വ്യക്തിയേക്കാളുമേറെ സബ്‌സിഡി ലഭിച്ചിരിക്കുന്നത് മസ്‌കിനാണ്. സബ്‌സിഡികള്‍ ഇല്ലെങ്കില്‍ റോക്കറ്റ് ഉണ്ടാക്കില്ലായിരുന്നു. സാറ്റലൈറ്റ് ലോഞ്ചും ഇവി നിര്‍മ്മാണവും നടക്കില്ലായിരുന്നു. മസ്‌കിന് കട അടച്ചിട്ട് സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരും. അമേരിക്കയ്ക്ക് നല്ല ഭാവിയും ഉണ്ടാകുമായിരുന്നു, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

മസ്‌കിന് കിട്ടിയ സബ്‌സിഡികളെക്കുറിച്ച് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സി (ഡോജ്) അന്വേഷിക്കണമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കൂടി പരിഹസിക്കുകയും ചെയ്തു.