സർക്കാർ ആശുപത്രിക്കുള്ളിൽ നഴ്‌സിങ് ട്രെയ്‌നിയെ യുവാവ് കഴുത്തറുത്ത് കൊന്നു

സർക്കാർ ആശുപത്രിക്കുള്ളിൽ നഴ്‌സിങ് ട്രെയ്‌നിയെ യുവാവ് കഴുത്തറുത്ത് കൊന്നു


ഭോപാൽ: സർക്കാർ ജില്ല ആശുപത്രിക്കുള്ളിൽ 23കാരിയായ നഴ്‌സിങ് ട്രെയ്‌നിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ആശുപത്രിയിൽ നിരവധി പേർ നോക്കിനിൽക്കെയായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം. ഇടപെടാനും അക്രമിയെ തടയാനും തയാറാവാതെ ക്രൂരത മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു പലരും.

മധ്യപ്രദേശിലെ നർസിംഗ്പൂരിലെ ജില്ല ആശുപത്രിയിലാണ് സംഭവം. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിനുപിന്നിലെ കാരണവും പൊലീസിന് കണ്ടെത്താനായിട്ടില്ല. അക്രമിക്കായി സിറ്റി മുഴുവൻ അരിച്ചുപൊറുക്കുകയാണെന്ന് പൊലീസ് പറയുന്നു.

അഭിഷേക് കോഷ്തി എന്നയാളാണ് പ്രതിയെന്നും ഇയാൾക്ക് കൊലപ്പെട്ട യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആശുപത്രിയിലുണ്ടായിരുന്നവർ പകർത്തിയ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യം പെൺകുട്ടിയുമായി സംസാരിക്കുന്നതും പിന്നീട് ആക്രമിക്കുന്നതുമാണ ദൃശ്യങ്ങളിലുള്ളത്.