കൊച്ചി: യുകെ മലയാളിയായ കൊച്ചി കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യര്‍ സ്ഥാപിച്ച നാടന്‍ വാറ്റ് മദ്യമായ മണവാട്ടിക്ക് രാജ്യാന്തര അംഗീകാരം.
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ഇന്ത്യന്‍ നാടന്‍ വാറ്റായ 'മണവാട്ടി'ക്ക് ലോക മദ്യവിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ശൃംഖലകളില്‍ ഒന്നായ ബീവറേജ് ട്രേഡ് നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോമ്പറ്റീഷന്‍ 2025ല്‍ വെങ്കല മെഡല്‍, ഇന്റര്‍നാഷണല്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് കോമ്പറ്റിഷന്‍ വാര്‍ഷിക പുരസ്‌കാര വേദിയില്‍ 'സ്പിരിറ്റ് ബ്രോണ്‍സ് 2025' തുടങ്ങിയ സുപ്രധാനമായ രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്.
കൃത്രിമ നിറമോ കൊഴുപ്പോ മധുരമോ ഇല്ലാത്തതും ഉന്നത ഗുണനിലവാരവും കണക്കിലെടുത്താണ് 'ലോകത്തെ വിവിധ മദ്യ ബ്രാന്‍ഡുകളോട് മത്സരിച്ച് മണവാട്ടി പുരസ്‌കാരം സ്വന്തമാക്കിയത്.
ജോണ്‍ സേവ്യറിന്റെ ഉടമസ്ഥതയിലുള്ള ലണ്ടന്‍ ബാരണ്‍ എന്ന കമ്പനിയാണ് 'മണവാട്ടി' നിര്‍മിക്കുന്നത്. നിരവധി വിദേശ മദ്യബ്രാന്‍ഡുകളെ പിന്തള്ളിയാണ് നേട്ടം.
പ്രിസര്‍വേറ്റിവുകളോ കൃത്രിമ നിറങ്ങളോ ചേര്‍ക്കാതെ തീര്‍ത്തും സ്വാഭാവികമായ രുചിയും ഗന്ധവുമാണ് 'മണവാട്ടി'യെ വിദേശികള്‍ക്കിടയില്‍ ജനകീയമാക്കിയത്. അന്നജം, കൊഴുപ്പ്, മധുരം എന്നിവ ഒട്ടും ഇല്ലെന്ന പ്രത്യേകതയും 'മണവാട്ടി'ക്ക് ഗുണകരമായി. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ വാറ്റിയെടുക്കുന്ന 'മണവാട്ടിയില്‍ 44% ആണ് ആല്‍ക്കഹോളിന്റെ അളവ്. നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശിക തലത്തില്‍ ഉപയോഗിക്കുന്ന രീതി തന്നെയാണ് നിര്‍മാണത്തിന് അവലംബിക്കുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പ്ഡന്‍ ബി. ആര്‍. ഐ എന്ന മുന്‍നിര സ്ഥാപനമാണ് 'മണവാട്ടി'ക്ക് ഫുള്‍ മാര്‍ക്ക് നല്‍കിയിട്ടുള്ളത്.
പുരസ്‌കാര നിര്‍ണയത്തില്‍ മദ്യങ്ങളുടെ രുചി ഒരു പ്രധാന ഘടകമായിരുന്നു. മത്സരിക്കാനെത്തുന്ന ഓരോ മദ്യവും രുചിച്ചു നോക്കിയ ശേഷമാണ് വിദഗ്ധരായ ജഡ്ജുമാര്‍ വിധിയെഴുതുന്നത്. ഇതിനെല്ലാം പുറമെ മദ്യത്തിന്റെ ഗുണമേന്മ, വിലനിലവാരം, പാക്കേജിങ്, വിപണനസാദ്ധ്യതകള്‍, ഈടാക്കുന്ന വിലയ്ക്ക് കിട്ടുന്ന മൂല്യം എന്നീ ഘടകങ്ങളും കൂടി പരിഗണിക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മറ്റ് ബ്രാന്‍ഡുകള്‍ക്ക് ഒന്നും തന്നെ ഇത്തവണത്തെ മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മദ്യനിര്‍മാണത്തില്‍ പരമ്പരാഗതമായ നാടന്‍ രീതികള്‍ ആഗോളതലത്തില്‍ എത്തിച്ചതിനുള്ള പ്രതിഫലമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ലണ്ടന്‍ ബാരണ്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ സേവ്യര്‍ പറഞ്ഞു. ബാറുടമകളും മിക്‌സോളജിസ്റ്റുകളും ഉപഭോക്താക്കളും ഒരുപോലെ തെരെഞ്ഞെടുക്കയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു ജനകീയ ബ്രാന്‍ഡായിട്ടാണ് 'മണവാട്ടി'യെ വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര അംഗീകാരങ്ങള്‍ സ്വന്തമാക്കി മലയാളിയുടെ നാടന്‍ വാറ്റ്- മണവാട്ടി
