കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ കണക്കുകള്‍ യുപി സര്‍ക്കാര്‍ മറച്ചുവെച്ചു; യഥാര്‍ത്ഥ കണക്ക് പുറത്തുവിട്ട് ബിബിസി

കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ കണക്കുകള്‍ യുപി സര്‍ക്കാര്‍ മറച്ചുവെച്ചു; യഥാര്‍ത്ഥ കണക്ക് പുറത്തുവിട്ട് ബിബിസി


ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളക്കിടെ തിക്കിലുംതിരക്കിലും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ ഏറെ കൂടുതലെന്ന് ബി.ബി.സി ഹിന്ദിയുടെ റിപ്പോര്‍ട്ട്. മൗനി അമാവാസി ദിനമായ ജനുവരി 29നുണ്ടായ നാല് ദുരന്തങ്ങളിലായി 37 പേര്‍ മരിച്ചെന്നാണ് യു.പി സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ അന്നേദിവസം കുറഞ്ഞത് 82 പേര്‍കൊല്ലപ്പെട്ടെന്നാണ് ബി.ബി.സിയുടെ അന്വേഷണത്തില്‍ വ്യക്തമായത്.

11 സംസ്ഥാനങ്ങളിലായി നൂറിലേറെ കുടുംബങ്ങളിലാണ് അന്വേഷണവുമായി ബി.ബി.സി റിപ്പോര്‍ട്ടര്‍മാരെത്തിയത്. ജനുവരി 29ലെ തിക്കിലും തിരക്കിലും മരിച്ചെന്ന് 82 പേരുടെ ബന്ധുക്കള്‍ ബിബിസിക്ക് വ്യക്തമായ തെളിവുകള്‍ കൈമാറി. എന്നാല്‍ കൃത്യമായി തെളിവുകള്‍ ലഭിക്കാത്ത മരണങ്ങള്‍ ഇതിലുമേറെ ഉണ്ടാകാം. ഫെബ്രുവരി 19ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 30 പേര്‍ സ്‌നാനഘട്ടിലും ഏഴ് പേര്‍ മറ്റിടങ്ങളിലുമാണ് മരിച്ചത്. മരിച്ച 37 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപവീതം നല്‍കുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു.

ഇത്തരത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം 37 കുടുംബങ്ങള്‍ക്ക് നേരിട്ട് ലഭിച്ചതായി ബി.ബി.സി അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് പണം എത്തുകയോ ചെക്ക് കൈമാറുകയോ ആയിരുന്നു. എന്നാല്‍ ഇതിനു പുറമെ 26 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം പണമായും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരാണ് നോട്ടുകെട്ടുകള്‍ കൈമാറിയത്. ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടാത്തവരുടെ കുടുംബങ്ങളാണിവ. തിക്കിലും തിരക്കിലുമല്ല, അസുഖ ബാധിതരായി മരിച്ചതാണെന്ന് രേഖപ്പെടുത്തി ഒപ്പിടാന്‍ നിരവധിപേരെ അധികൃതര്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ക്ക് പുറമെ സംഭവത്തില്‍ മരിച്ച മറ്റ് 18 പേരുടെ കുടുംബങ്ങളെയും ബി.ബി.സി കണ്ടെത്തി. ഇവരില്‍ ആര്‍ക്കും സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും മരണ സര്‍ട്ടിഫിക്കറ്റും ദുരന്ത ഭൂമിയിലെ ചിത്രങ്ങളും ഉള്‍പ്പെടെയുള്ള തെളിവാണ് ഇവരില്‍നിന്ന് ലഭിച്ചത്. ഇതിനു പുറമെ ദൃക്‌സാക്ഷികളുടെ മൊഴിയും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ വിശ്വാസ്യത ചോദ്യചിഹ്നമായിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിവരം പുറത്തുവിടാത്തത് സര്‍ക്കാറിന്റെ സുതാര്യതയെയും ചോദ്യംചെയ്യുന്നു. അതിസുരക്ഷാ സംവിധാനങ്ങളോടെ സംഘടിപ്പിച്ച കുംഭമേളയില്‍ വലിയ ദുരന്തം നടന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയായും വിലയിരുത്തപ്പെടും.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് ഏകദേശം 87 ലക്ഷം തീര്‍ത്ഥാടകരാണ് കുംഭമേളയില്‍ പുണ്യ സ്‌നാനം നടത്തിയത്. 62 കോടി തീര്‍ത്ഥാടകര്‍ പങ്കെടുത്തതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതില്‍ നിരവധി പേര്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചിരുന്നെങ്കിലും 37 പേരുടെ കണക്കുമാത്രമാണ് യു പി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുംഭമേളയില്‍ മരിച്ച ആയിരക്കണക്കിന് ആളുകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്റെ ആരോപണം. പിന്നാലെ വിവാദങ്ങള്‍ കെട്ടടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് ബിബിസിയുടെ പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.