പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഞ്ചരാഷ്ട്ര സന്ദർശനം ജൂലൈ 2 ന് ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഞ്ചരാഷ്ട്ര സന്ദർശനം ജൂലൈ 2 ന് ആരംഭിക്കും


ന്യൂഡൽഹി: ബ്രസീലും അർജന്റീനയുമടക്കം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഞ്ച് രാഷ്ട്ര സന്ദർശനം നാളെ ആരംഭിക്കും. ജൂലൈ 2 മുതൽ 9 വരെ എട്ടുദിനം നീളുന്നതാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനം. റിയോഡി ജനീറോയിൽ ജൂലൈ ആറും ഏഴും തീയതികളിൽ നടക്കുന്ന 17ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. പത്തുവർഷത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശന പരിപാടിയാണിത്.

ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ എന്നിവയാണ് സന്ദർശിക്കുന്ന മറ്റു രാജ്യങ്ങൾ. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിക്കാത്ത ഷാങ്ഹായ് സഹകരണ ഉച്ചകോടി സംയുക്ത പ്രസ്താവനയിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിനു പിന്നാലെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ വിഷയമുന്നയിക്കുമെന്നാണ് വിദേശ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. സ്ഥാപക രാജ്യങ്ങളായ ചൈനയും റഷ്യയും ബ്രിക്‌സ് ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുന്നതിനിടയിലാണ് ഇന്ത്യയുടെ നീക്കം. അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കുകയാണ് ഇന്ത്യ.

രണ്ടിന് ഘാനയിലെത്തുന്ന മോഡി പാർലമെന്റിനെ അഭിസംബോധന ചെയ്യും. പ്രസിഡന്റ് മഹാമ അധികാരമേറ്റ ശേഷമുള്ള മോഡിയുടെ ആദ്യ സന്ദർശനമാണിത്. വ്യാപാരവും പ്രതിരോധ സഹകരണവും ചർച്ച ചെയ്യും. മൂന്നിന് ജനസംഖ്യയിൽ 45 ശതമാനം ഇന്ത്യൻ വംശജർ ഉള്ള കരീബിയൻ രാജ്യമായ ട്രിനിഡാഡിലെത്തും. നാലിനും അഞ്ചിനും അർജന്റീന സന്ദർശിക്കുന്ന മോഡി അവിടെനിന്ന് ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും. ശേഷം ജൂലൈ ഒമ്പതിനാണ് നമീബിയയിൽ എത്തുക