വാക്ക് പാലിച്ച് ട്രംപ്: സിറിയയ്‌ക്കെതിരായ ഉപരോധം പിന്‍വലിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ചു; അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും

വാക്ക് പാലിച്ച് ട്രംപ്: സിറിയയ്‌ക്കെതിരായ ഉപരോധം പിന്‍വലിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ചു; അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും


വാഷിംഗ്ടന്‍: ആഭ്യന്തര യുദ്ധത്തില്‍ നിന്നു മോചനം നേടിയ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായ്ക്ക് നല്‍കിയ വാക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാലിച്ചു. മുന്‍ സിറിയന്‍ പ്രസിഡന്റ് ബാഷാര്‍ അല്‍ അസദിന്റെ കാലത്ത് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. അതേ സമയം ബാഷാര്‍ അല്‍ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു.  ഉപരോധം അവസാനിപ്പിച്ച് ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന് സിറിയയെ പുനര്‍നിര്‍മിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് മേയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. 
ട്രംപിന്റെ തീരുമാനം ഏറെ കാലമായി കാത്തിരുന്ന സിറിയയുടെ പുനര്‍നിര്‍മാണത്തിനും വികസനത്തിനുമുള്ള വാതില്‍ തുറക്കുമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദ് അല്‍ ശിബാനി എക്‌സില്‍ കുറിച്ചു. ഈ നീക്കം സിറിയയെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാനും രാജ്യാന്തര സമൂഹത്തിനുമുന്നില്‍ രാജ്യത്തെ തുറന്നു കാട്ടാനുള്ള അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയില്‍ നടന്ന സൗദി സന്ദര്‍ശനത്തിനിടെയാണ് വര്‍ഷങ്ങളായി സിറിയയ്‌ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായുമായി ട്രംപ് കൂടിക്കാഴ്ചയും നടത്തിയിരുന്നു. 25 വര്‍ഷത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ച ചരിത്രമായിരുന്നു. 

24 വര്‍ഷം സിറിയ അടക്കിവാണ ബഷാര്‍ അല്‍ അസദിന്റെ കാലത്താണ് സിറിയയ്‌ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. 2011 മുതല്‍ ജനാധിപത്യ പ്രക്ഷോഭത്തില്‍ വലഞ്ഞ സിറിയയില്‍ അപ്രതീക്ഷിത അട്ടിമറിയിലൂടെ 2024 ഡിസംബര്‍ എട്ടിനാണ് പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ തുരത്തി വിമതസഖ്യം അധികാരം പിടിച്ചത്. അസദ് കുടുംബത്തിന്റെ അരനൂറ്റാണ്ടു പിന്നിട്ട ആധിപത്യത്തിനാണ് അതോടെ അന്ത്യമായത്.