പാക് സൈനിക മേധാവിയുടെ കശ്മീര്‍ പ്രസ്താവന ഇന്ത്യയ്ക്കും വിശാലമായ ദക്ഷിണേഷ്യന്‍ മേഖലയ്ക്കും ഉള്ള മുന്നറിയിപ്പ്

പാക് സൈനിക മേധാവിയുടെ കശ്മീര്‍ പ്രസ്താവന ഇന്ത്യയ്ക്കും വിശാലമായ ദക്ഷിണേഷ്യന്‍ മേഖലയ്ക്കും ഉള്ള മുന്നറിയിപ്പ്


ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ഭീകരര്‍ അഴിഞ്ഞാടിയതിനും പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ പോരാട്ടത്തിനും ശേഷം കേവലം രണ്ട് മാസം മാത്രം പിന്നിടുമ്പോള്‍ പാക് സൈനിക മേധാവി അസിം മുനീര്‍ വീണ്ടും കശ്മീര്‍ വിഷയം സംബന്ധിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നു. ഇക്കുറി പാകിസ്ഥാന്റെ കറാച്ചിയിലുള്ള നാവിക അക്കാദമിയാണ് അയാള്‍ വേദിയാക്കിയത്.

അതിര്‍ത്തി കടന്നുള്ള ഭീകരതയും പ്രാദേശിക അതിരുകള്‍ ലംഘിക്കലുമെല്ലാം വര്‍ധിച്ച് വരുന്ന വേളയില്‍ പുറത്ത് വന്നിട്ടുള്ള ഈ പ്രസ്താവനകള്‍ ഇസ്ലാമാബാദിന്റെ തന്ത്രപരമായ താത്പര്യങ്ങളെക്കുറിച്ച് ചോദ്യമുയര്‍ത്തുന്നതാണ്. മുനീറിന്റെ പ്രസ്താവന ഇന്ത്യയ്ക്കും വിശാലമായ ദക്ഷിണേഷ്യന്‍ മേഖലയ്ക്കും ഉള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. അസ്ഥിരമായ കശ്മീര്‍ പ്രാദേശിയ ഭൗമ രാഷ്ട്രീയ വിഷയമായി തന്നെ അവര്‍ നിലനിര്‍ത്തുമെന്ന ശക്തമായ സന്ദേശം.

ഏപ്രില്‍22ന് പഹല്‍ഗാമില്‍ ഭീകരര്‍ നിരപരാധികളായ 26 പേരുടെ ജീവന്‍ അപഹരിച്ചതിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് തങ്ങള്‍ ശക്തമായി മറുപടി നല്‍കിയെന്നാണ് കറാച്ചിയിലെ പാകിസ്ഥാന്‍ നാവിക അക്കാദമിയില്‍ മുനീര്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതെന്നാണ് മാധ്യമവാര്‍ത്തകള്‍.

അതേസമയം ഇന്ത്യ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും പാക് വ്യോമതാവളത്തില്‍ കടുത്ത നാശം വിതയ്ക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതായ പാകിസ്ഥാന്‍ നടത്തിയ യാചനയുടെ ഫലമായാണ് ഇന്ത്യ വെടിനിര്‍ത്തലിന് തയാറായത്.

പ്രകോപനമുണ്ടായിട്ടും പാകിസ്ഥാന്‍ പക്വതയോടെ പ്രതികരിച്ചെന്നും ആക്രമണങ്ങളില്‍നിന്ന് വിട്ടു നിന്നുവെന്നും മുനീര്‍ പറഞ്ഞെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും പാകിസ്ഥാന്‍ അത്രയേറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ശ്രമിച്ചതെന്നും അയാള്‍ അവകാശപ്പെട്ടത്രേ. ഇത് പാകിസ്ഥാന് മേഖലയിലെ മൊത്തം സ്ഥിരതയുടെ നിര്‍മ്മാതാവ് എന്ന പട്ടം ചാര്‍ത്തിക്കിട്ടാന്‍ സഹായകമായി പോലും.

പാകിസ്ഥാന്റെ സാധാരണ രാഷ്ട്രീയ നിഘണ്ടുവിനെക്കുറിച്ച് അറിയാവുന്നവര്‍ക്കെല്ലാം കാര്യങ്ങള്‍ മനസിലാകും. സമയം, വേദി, പശ്ചാത്തലം തുടങ്ങിയവയെല്ലാം മുനീറിന്റെ പരാമര്‍ശങ്ങളെ സ്വാധീനിച്ചു. ഇത് പക്ഷേ ആശങ്കയുണര്‍ത്തുന്നവയാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ദക്ഷിണേഷ്യന്‍ മേഖലയ്ക്ക് ആകെത്തന്നെ.

പാക് സൈനിക മേധാവി പ്രസംഗിക്കുമ്പോള്‍ അത് കേവലമൊരു പ്രസംഗമല്ല. ഇത് തന്ത്രപരമായ ഒരു സന്ദേശമാണ്. കാരണം വിദേശനയത്തിലും ആഭ്യന്തര ഭരണത്തിലും സൈന്യത്തിന് ശക്തമായ സ്വാധീനമുള്ള ഒരു രാജ്യത്തെ സൈനിക മേധാവിയുടെ വാക്കുകളാണ് അത്. അത് കൊണ്ട് തന്നെ മുനീറിന്റെ വാക്കുകളുടെ താത്പര്യങ്ങള്‍കാണാതെ പോകാനാകില്ല.

കശ്മീര്‍ വിഷയം ഒരു സൈനിക ഔദ്യോഗിക പരിപാടിയില്‍ ഉയര്‍ത്തുമ്പോള്‍ മുനീര്‍ രണ്ട് സന്ദേശങ്ങളാണ് നല്‍കുന്നത്. ഒന്ന് പാകിസ്ഥാന്റെ ദേശീയ സ്വത്വത്തില്‍ ആഭ്യന്തരമായി സൈന്യത്തിന്റെ മേധാവിത്വം അടിവരയിട്ട് ഉറപ്പിക്കുക. മറ്റൊന്ന് ഇന്ത്യക്കും രാജ്യാന്തര സമൂഹത്തിനുമുള്ളതാണ്. കശ്മീരിന്റെ തത്സ്ഥിതിക്ക് മേലുള്ള തങ്ങളുടെ എതിര്‍പ്പ് ശക്തമായി അവതരിപ്പിക്കുക എന്നതാണിത്. ഇത് കേവലമൊരു പ്രതീകവത്ക്കരിക്കലല്ല. ഇത് റാവല്‍പിണ്ടിയുടെ തന്ത്രപരമായ കണക്കുകൂട്ടലുകളാണ്.

ഏപ്രില്‍ 22ലെ ഭീകരാക്രമണത്തോടെ ജമ്മുകശ്മീരിലെ ആക്രമണങ്ങള്‍ ഗൗരവമായി വര്‍ധിച്ചു. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തച്ചുടച്ചു. പ്രത്യേകിച്ച് ലഷ്‌കര്‍ ഇ തോയിബയുടെ. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത ദ റസിസ്റ്റന്റ് ഫോഴ്‌സ് ലഷ്‌കര്‍ ഇ തോയിബയുടെ പോഷക സംഘടനയാണെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ആക്രമണത്തെ നയതന്ത്രപരമായി അപലപിച്ച ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്‍ പക്ഷേ തങ്ങളുടെ പങ്കാളിത്തം നിഷേധിക്കുകയും ഇന്ത്യയുടേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് പറയുകയും ചെയ്തു.

ആഴ്ചകള്‍ക്ക് ശേഷമുള്ള മുനീറിന്റെ പ്രസ്താവനകള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നവയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയെ തടയുന്നതിനോ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനോ പകരം ജമ്മു കശ്മീരിനെ ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അയാളില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

ദക്ഷിണേഷ്യയുടെ സുസ്ഥിരതയ്ക്ക് ഈ പരാമര്‍ശങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ചെറുതല്ല. ധാരാളം പ്രശ്‌നങ്ങളില്‍ പെട്ട് ഇപ്പോള്‍ തന്നെ ഉഴലുകയാണ് ദക്ഷിണേഷ്യ. അഫ്ഗാന്റെ അനിശ്ചിതമായ ഭാവി, ഇന്ത്യന്‍മഹാസമുദ്രത്തിലെ ചൈനയുടെ സാന്നിധ്യം വര്‍ധിച്ച് വരുന്നത്, ശ്രീലങ്കയിലെയും പാകിസ്ഥാനിലെ തന്നെയും സാമ്പത്തിക അസ്ഥിരത തുടങ്ങി നീറുന്ന നിരവധി പ്രശ്‌നങ്ങളിലാണ് ദക്ഷിണേഷ്യ.

ഇത്തരമൊരു അസ്ഥിരമായ സാഹചര്യത്തില്‍ കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തുന്നത് പഴയ മുറിവുകളില്‍ പിന്നെയും കുത്തി നോവിക്കലാണ്. പ്രാദേശിക സഹകരണത്തെയും ഇതിനകം തന്നെ ദുര്‍ബലമായ നിയന്ത്രണ രേഖ വിഷയങ്ങളെയും ഇത് വീണ്ടും വര്‍ധിപ്പിക്കുന്നു. ഇത്തരം കടുത്ത പ്രസംഗങ്ങള്‍ നയതന്ത്രപരമായ വീഴ്ചകള്‍ക്കും സൈനിക ഇടപെടലുകള്‍ക്കും കാരണമായേക്കാം.

ഇതിന്റെയൊക്കെ മറവില്‍ രാജ്യവിരുദ്ധ ശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത യുദ്ധത്തിനുള്ള സാധ്യതയാണ് കൂടുതല്‍ ആശങ്കാജനകമായത്. അത്തരമൊരു സാഹചര്യത്തില്‍, പ്രാദേശിക സമാധാനം പാകിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയ കണക്കുകൂട്ടലുകളെ പ്രതിഫലിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ അനിശ്ചിതത്വം, സൈനികസിവിലിയന്‍ സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കിടയില്‍, ദേശീയ ഐക്യത്തിനായുള്ള ഒരു വിഷയമായി സൈന്യം കശ്മീരിനെ ഉപയോഗിക്കുന്നത് തുടരുന്നു. കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്നതിലൂടെ, പാകിസ്ഥാന്‍ രാജ്യത്തിന്റെ കേന്ദ്ര സ്തംഭമെന്ന നിലയില്‍ സൈന്യം തങ്ങളുടെ പങ്ക് വീണ്ടും ഉറപ്പിക്കുന്നത് തുടരുകയാണ്.

പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലും മുനീറിന്റെ പ്രസംഗം കാണണം. വളരെയധികം തര്‍ക്കമുള്ള ഒരു തെരഞ്ഞെടുപ്പിന് ശേഷം ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പിടികൂടുന്നതും പൊതുജനങ്ങളുടെ അസംതൃപ്തി വര്‍ധിക്കുന്നതും കണക്കിലെടുത്താല്‍, സൈന്യം പരിചിതമായ ഒരു നാടകത്തിലേക്ക് മടങ്ങുകയാണ്. ദേശീയതയെ ഉത്തേജിപ്പിക്കാനും ആഭ്യന്തര പരാജയങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കാനും കശ്മീരിനെ കരുവാക്കുക.

പാകിസ്ഥാന്റെ സൈനികനയതന്ത്ര പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍, ഒരു ഔപചാരിക നാവിക പ്രസംഗത്തില്‍ കശ്മീരിനെ ഉയര്‍ത്തിക്കാട്ടാനുള്ള മുനീറിന്റെ തീരുമാനം സാധാരണമായി തോന്നാം. എന്നിരുന്നാലും പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, വഷളായിക്കൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധങ്ങളുടെയും പ്രാദേശിക ദുര്‍ബലതയുടെയും പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കേവലം വാചാടോപത്തേക്കാള്‍ കൂടുതലാണ്  അവ അനുരഞ്ജനത്തേക്കാള്‍ ഏറ്റുമുട്ടലിന് മുന്‍ഗണന നല്‍കുന്ന ഒരു മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇതിനര്‍ത്ഥം അതിര്‍ത്തികളില്‍ മാത്രമല്ല, നയതന്ത്രം, ആഖ്യാന നിയന്ത്രണം, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളിലും അതീവ ജാഗ്രത പാലിക്കുക എന്നതാണ്.