ജൂലൈ അഞ്ചിന് കടല്‍ തിളച്ചു മറിയും; ജപ്പാനില്‍ ഭീതി വിതച്ച് സ്വപ്‌ന പുസ്തകത്തിലെ പ്രവചനം

ജൂലൈ അഞ്ചിന് കടല്‍ തിളച്ചു മറിയും; ജപ്പാനില്‍ ഭീതി വിതച്ച് സ്വപ്‌ന പുസ്തകത്തിലെ പ്രവചനം


ടോക്കിയോ: ദുരന്ത പ്രവചനത്തില്‍ ഭയന്നു വിറച്ച് ജപ്പാന്‍ ജനത. ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ ബാബാ വാംഗ എന്നറിയപ്പെടുന്ന റിയോ തത്സുകിയാണ് ഭീതി വിതക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്. 

വര്‍ഷം ജൂലൈ അഞ്ചിനു പുലര്‍ച്ചെ 4.18ന് വന്‍ പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയോ തത്സുകിയുടെ പ്രവചനം. 

നേരത്തെ കോവിഡ് വ്യാപനവും 2011ലെ സുനാമിയും ഉള്‍പ്പെടെ തത്സുകി പ്രവചിച്ചുവെന്നാണ് പറയപ്പെടുന്നത്. തത്സുകിയുടെ ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് അവര്‍ ഇത്തരം പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളത്. 2011ലെ ഭൂകമ്പവും അതേത്തുടര്‍ന്നുണ്ടായ സുനാമിയും കൃതിയുടെ കവര്‍ പേജില്‍ തന്നെ രേഖപ്പെടുത്തിയിരുന്നു. അതില്‍ പറയുന്ന ദിവസം തന്നെ അതേ രീതിയില്‍ ദുരന്തമുണ്ടായെന്നാണ് പറയുന്നത്. 

1999ല്‍ അച്ചടിച്ച പുസ്തകം 2011ലെ സുനാമിക്ക് ശേഷമാണ് വന്‍ തോതില്‍ വിറ്റുപോയത്. തത്സുകി കാണുന്ന സ്വപ്‌നങ്ങളെ ആധാരമാക്കിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. 

തത്സുകി കണ്ട പതിനഞ്ചോളം സ്വപ്‌നങ്ങളാണ് പുസ്തകത്തിലുള്ളത്. അതില്‍ പതിമൂന്നെണ്ണവും ഇതിനകം സംഭവിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. 

ഡയാന രാജകുമാരിയുടെ ദാരുണമായ അന്ത്യം, കോവിഡ് വ്യാപനം എന്നിവയെല്ലാം ഈ പുസ്തകത്തില്‍ അവര്‍ എഴുതിയിരുന്നത്രെ. ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും ഇന്റര്‍നെറ്റില്‍ ജൂലൈ അഞ്ചിനു നടക്കാന്‍ പോകുന്ന ദുരന്തത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ജപ്പാനിലെങ്ങും നടക്കുകയാണ്. ഭയചകിതരായ ജനങ്ങള്‍ ജപ്പാന്‍, തായ് വാന്‍, ഹോങ്കോങ് തുടങ്ങി ജപ്പാനും ചൈനയ്ക്കുമിടയില്‍ ഉള്ള യാത്രകള്‍ ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ അഞ്ചിന് ബുക്ക് ചെയ്ത പല യാത്രകളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ തത്സുകിയുടെ പ്രവചനം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 

ജപ്പാനും ഫിലിപ്പൈന്‍സിനും ഇടയില്‍ കടല്‍ തിളച്ചു മറിയുമെന്നും 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18ന് സംഭവിക്കുമെന്നുമാണ് പുസ്തകത്തിലുള്ളത്. ലാവ പ്രവാഹമായും വലിയ ഭൂകമ്പ സൂചനയായും കടല്‍ തിളച്ചു മറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടെയും സൂചനയാണെന്നും ഉള്‍പ്പെടെ വ്യാഖ്യാനങ്ങള്‍ പലതുണ്ട്.