പാരീസ്: ലോകത്തിലെ സാംസ്‌കാരിക, പ്രകൃതി പൈതൃക സ്ഥലങ്ങളുടെ മുക്കാല്‍ ഭാഗവും വെള്ളവുമായി ബന്ധപ്പെട്ട ഭീഷണിയിലാണെന്ന് യു എന്നിന്റെ സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോ. ഇന്ത്യയിലേത് ഉള്‍പ്പെടെ 1,172 സമുദ്രേതര യുനെസ്‌കോ ലോക പൈതൃക സൈറ്റുകളില്‍ 73 ശതമാനവും കുറഞ്ഞത് ഒരു ഗുരുതരമായ ജല അപകടസാധ്യതയ്ക്ക് വിധേയമാണ്. അവയില്‍ 21 ശതമാനവും ഒരു വര്‍ഷം വളരെയധികം വെള്ളവും മറ്റൊരു വര്‍ഷം വളരെ കുറച്ച് വെള്ളവും എന്ന ഇരട്ട പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്വെഡക്റ്റ് ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള പുതിയ വിശകലനം കാണിക്കുന്നു.
വിശകലനം അനുസരിച്ച് ഇന്ത്യയില്‍ ഗുരുതരമായ അപകടസാധ്യതകള്‍ നേരിടുന്ന പൈതൃക സ്ഥലങ്ങളില്‍ താജ്മഹല്‍, കാസിരംഗ നാഷണല്‍ പാര്‍ക്ക്, പശ്ചിമഘട്ടം, മഹാബലിപുരത്തെ ഗ്രൂപ്പ് ഓഫ് മോണ്യുമെന്റ്‌സ്, ഗ്രേറ്റ് ലിവിംഗ് ചോള ക്ഷേത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ജലക്ഷാമം രൂക്ഷമാകുമെന്ന് പ്രവചിക്കപ്പെടുന്നു. പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങള്‍, വടക്കന്‍ ചൈന തുടങ്ങിയ പ്രദേശങ്ങളില്‍ ആവാസവ്യവസ്ഥയ്ക്കും സാംസ്‌കാരിക പൈതൃകത്തിനും അവയെ ആശ്രയിക്കുന്ന സമൂഹങ്ങള്‍ക്കും ടൂറിസം സമ്പദ്വ്യവസ്ഥകള്‍ക്കും ദീര്‍ഘകാല അപകടസാധ്യതകള്‍ സൃഷ്ടിച്ചേക്കും.
താപനില ഉയരുന്നതിന്റെ ഫലമായി ചുഴലിക്കാറ്റുകള്‍, വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പതിവായി മാറുകയും തീവ്രമാവുകയും ചെയ്തിട്ടുണ്ട്.
ആഗ്രയിലെ താജ്മഹല്‍ മലിനീകരണം വര്‍ധിക്കുകയും ഭൂഗര്‍ഭജലം കുറയുകയും ചെയ്യുന്ന അവസ്ഥയില്‍ ജലക്ഷാമം നേരിടുന്നുണ്ട്. ഇവ രണ്ടും ശവകുടീരത്തിന് കേടുപാടുകള്‍ വരുത്തുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 2022-ല്‍ ഒരു വലിയ വെള്ളപ്പൊക്കം യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് മുഴുവന്‍ അടച്ചുപൂട്ടാനുള്ള കാരണമായി. പാര്‍ക്ക് വീണ്ടും തുറക്കാന്‍ 20 മില്യണ്‍ ഡോളറിലധികമാണ് അടിസ്ഥാന സൗകര്യ അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിക്കേണ്ടി വന്നത്.
ബൈബിളിലെ ഏദന്‍ ഉദ്യാനത്തിന്റെ പ്രശസ്തമായ ആസ്ഥാനമായ ഇറാഖിന്റെ തെക്കന്‍ ചതുപ്പുകള്‍ ദേശാടന പക്ഷികള്‍ വസിക്കുന്നതും നിവാസികള്‍ എരുമകളെ വളര്‍ത്തുന്നതുമാണ്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ചൂട് കൂടുന്നതിനാല്‍ ജലത്തിനായുള്ള സമ്മര്‍ദ്ദവും മത്സരവും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചൈനയില്‍, സമുദ്രനിരപ്പ് ഉയരുന്നത് തീരദേശത്ത് വെള്ളപ്പൊക്കമുണ്ടാക്കുകയും ഇത് ദേശാടന ജലപക്ഷികള്‍ ഭക്ഷണം കണ്ടെത്തുന്ന ചെളിപ്രദേശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും സംയോജിത സമ്മര്‍ദ്ദങ്ങള്‍ പ്രകൃതി ആവാസവ്യവസ്ഥയ്ക്കും അവ നിലനിര്‍ത്തുന്ന സാംസ്‌കാരിക പൈതൃകത്തിനും ഗണ്യമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് വിശകലനം പറയുന്നു.