വാഷിംഗ്ടണ്‍: നീണ്ട 24 മണിക്കൂറിലേറെ സമയം നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍' നികുതി, ചെലവ് ബില്ല് സെനറ്റ് പാസാക്കി. സഭയില്‍ നടത്തിയ വോട്ടെടുപ്പില്‍ 50- 50ന് തുല്യമായ നിലയിലായിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ കാസ്റ്റിംഗ് വോട്ടിലാണ് ബില്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്. വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടില്‍ ബില്‍ 51-50ന് പാസായി.
ഡെമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി ബില്ലിനെതിരെ വോട്ടു ചെയ്തതിന് പുറമേ തോം ടില്ലിസ്, റാന്‍ഡ് പോള്‍, സൂസന്‍ കോളിന്‍സ് എന്നീ മൂന്ന് റിപ്പബ്ലിക്കന്‍മാരും എതിര്‍ വോട്ട് രേഖപ്പെടുത്തി. ഇതാണ് വിനയായത്.
ബില്‍ അന്തിമ അംഗീകാരത്തിനായി വീണ്ടും സഭയിലേക്ക് അയയ്ക്കും. ബില്‍ തന്റെ മേശപ്പുറത്ത് വയ്ക്കുന്നതിനുള്ള ജൂലൈ 4ലെ അവസാന തിയ്യതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു.