ബംഗളൂരു: ബിപിഎല്‍ കമ്പനിയുടെ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ (ടി.പി ഗോപാല്‍ നമ്പ്യാര്‍) അന്തരിച്ചു. 95 വയസായിരുന്നു. ബംഗളൂരുവിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു.
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡുകളില്‍ ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയിരുന്ന ബിപിഎല്ലിനെ മലയാളികള്‍ക്കടക്കം സുപരിചിതമായ ബ്രാന്‍ഡാക്കി മാറ്റാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.
1963ല്‍ ആണ് ടിപിജി നമ്പ്യാര്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് അഥവാ ബിപിഎല്‍ ആരംഭിച്ചത്. പ്രതിരോധ സേനാ സാമഗ്രികളായിരുന്നു ആദ്യം നിര്‍മ്മിച്ചത്. തുടര്‍ന്ന് ഇലക്ട്രോണിക്സ് രംഗത്തേക്ക് കടന്നു. 1990കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് രംഗത്ത് മുടിചൂടാ മന്നരായി നിലകൊണ്ടു. അക്കാലത്തെ ടി വി, ഫോണ്‍ മേഖലകളിലെ ആധിപത്യം ബി പി എല്‍ കമ്പനിയെ ഇന്ത്യയിലെ ആദ്യ 10 മുന്‍ നിര കമ്പനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു.
രാജീവ് ചന്ദ്രശേഖര്‍ 1991ല്‍ ടി പി ജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം കഴിച്ചതോടെ അദ്ദേഹം ബി പി എല്‍ എക്‌സിക്യുട്ടീവ് ഡയറകടറായി. മൊബൈല്‍ നിര്‍മ്മാണ രംഗത്ത് ബിപിഎല്‍ കൊണ്ടുവന്ന വിപ്‌ളവം വേറിട്ടതായിരുന്നു. അത്തരത്തിലൊരു സ്ഥാപനത്തിന്റെ ഉടമയാണ് ഇപ്പോള്‍ വിടപറഞ്ഞിരിക്കുന്നത്.